നടന്‍ ജി.കെ. പിള്ള അന്തരിച്ചു; വിടവാങ്ങിയത് സൈനികക്യാംപില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ പ്രതിഭ

0
21

തിരുവനന്തപുരം: മൂന്നൂറിലെറെ ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടേയും സീരിയലുകളിലൂടെയും തന്റെ പ്രതിഭ തെളിയിച്ച നടന്‍ ജി.കെ.പിള്ള (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആറു പതിറ്റാണ്ടിലേറെയായി മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളായിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണു ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത്ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയ പ്രമുഖരായ വ്യക്തികള്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം ജി.കെ. പിള്ളയെന്ന പതിന്നാലുകാരന്‍ ജാഥയിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് നാടുവിട്ട പിള്ള ചാക്കയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പില്‍ എത്തിയ ഇദ്ദേഹത്തിന് യോഗ്യതാ പരിശോധന കടന്നു കൂടാനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയില്‍ ആയിരുന്നു ആദ്യനിയമനം. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്.രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സിംഗപ്പൂര്‍, ബര്‍മ്മ, സുമാത്ര എന്നീ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടര്‍ന്ന്. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവില്‍ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പില്‍ നടന്ന നാടകം കളിയില്‍ ജി.കെ.യുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവര്‍ത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ. പിള്ളയുടെ അഭിനയഭ്രമം വര്‍ദ്ധിപ്പിച്ചു. 15 വര്‍ഷം പട്ടാളത്തില്‍ സേവനം നടത്തിയാല്‍ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്റെ സൈനികജീവിതത്തിന്റെ 13ാംം വര്‍ഷം ജോലി ഉപേക്ഷിച്ചു അഭിനയ രംഗത്തേക്ക് പൂര്‍ണസമയത്തേക്ക് മാറി.

സ്നേഹസീമ എന്ന ചിത്രത്തില്‍ പൂപ്പള്ളി തോമസ് എന്ന ആദ്യ കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയില്‍ വേഷമിട്ടു. കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്സ്പ്രസ് എന്നിവയില്‍ പ്രധാന വില്ലന്‍ ജി.കെ. പിള്ളയായിരുന്നു.

ഭാര്യ-അന്തരിച്ച ഉല്പലാക്ഷിയമ്മ മക്കള്‍- കെ. പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനന്‍, പ്രിയദര്‍ശന്‍.