മികച്ച ഭരണത്തിലും മുന്നിലുണ്ട്‌ കേരളം; സദ്‌ഭരണ സൂചികയിൽ രാജ്യത്ത്‌ അഞ്ചാംസ്ഥാനം

0
97

തിരുവനന്തപുരം > സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം നേടി. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ നേട്ടം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചത്‌.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയിൽ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷൻ സ്‌കോർ 44.82 ൽ നിന്ന് 85.00 ആയി ഉയർത്തി. പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോർ മെച്ചപ്പെടുത്തിയത്. വ്യവസായ മേഖലയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 2019-ൽ 1.00 ആയിരുന്നത് 2021-ൽ 7.91 ആയി ഉയർന്നു.

ഭരണ മികവറിഞ്ഞ ആറ്‌ മാസങ്ങൾ:

മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴിൽ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോർ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിങ്ങിൽ കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയില്‍ മൂന്നാം സ്ഥാനവും നേടി.

ഭരണ നിർവഹണം മെച്ചപ്പെടുത്താനും സുതാര്യവും ജനകീയവും ആക്കാനും എൽഡിഎഫ് സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഗുണഫലമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. ഈ മാറ്റങ്ങൾ കേരളത്തിൻ്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നു എന്ന യാഥാർത്ഥ്യത്തിന് സദ്ഭരണ സൂചിക അടിവരയിടുന്നു. ഇക്കാര്യത്തിൽ ഇനിയും ഒരുപാട് മുന്നേറാനുണ്ട് എന്നും ഈ പഠനം വ്യക്തമാക്കുന്നു. അതിനായി കൂടുതൽ മികവോടെ പ്രവർത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളം ഇക്കാര്യത്തിലും ഒന്നാമതെത്താൻ ഐക്യത്തോടെ നമുക്ക് മുന്നോട്ടുപോകാം.