ഇ എന്‍ മോഹന്‍ദാസ് സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറി

0
63

സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയായി ഇ എന്‍ മോഹന്‍ദാസിനെ വീണ്ടും തെരഞ്ഞെടുത്തു. തിരൂരില്‍ ചേര്‍ന്ന സമ്മേളനം 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഇ എന്‍ മോഹന്‍ദാസ് 2018ല്‍ പെരിന്തല്‍മണ്ണ ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായത്. അറുപത്തൊമ്പതുകാരനായ അദ്ദേഹം 2007ല്‍ മണ്ണഴി എയുപി സ്‌കൂള്‍ പ്രധാനധ്യാപകനായി വിരമിച്ചു.

1970ലാണ് സിപിഐ എം അംഗമായത്. ഇന്ത്യനൂര്‍ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കല്‍ ലോക്കല്‍ സെക്രട്ടറി, 11 വര്‍ഷം മലപ്പുറം ഏരിയാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ഏറനാട് താലൂക്ക് സെക്രട്ടറിയുമായിരുന്നു. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐയുടെ പ്രഥമ ജില്ലാ പ്രസിഡന്റുമായി.

ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍, റെയ്ഡ്കോ വൈസ് ചെയര്‍മാന്‍, കോഡൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. കോട്ടക്കല്‍ ആര്യശെവദ്യശാലാ ജീവനക്കാരുടെ സംഘടനയായ ആര്യവൈദ്യശാല വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റായിരുന്നു.

ഇന്ത്യനൂരിലെ എടയാട്ട് നെടുമ്പുറത്തെ പരേതരായ വേലുനായരുടെയും പാറുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ. റിട്ട. അധ്യാപിക കെ ഗീത. മക്കള്‍: ഡോ. ദിവ്യ (കോട്ടക്കല്‍ ആര്യവൈദ്യശാല), ധ്യാന്‍ മോഹന്‍ (ടെക്നോപാര്‍ക്ക് തിരുവനന്തപുരം). മരുമക്കള്‍: ജയപ്രകാശ് (കോമേഴ്സ് അധ്യാപകന്‍, മലപ്പുറം ഗവ. കോളേജ്), ശ്രീജിഷ (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം.