ചേച്ചിയെ മുറിയിൽ പൂട്ടിയിട്ട് തീ കൊളുത്തി കൊന്ന് അനുജത്തി

0
45

യുവതിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ ചൊവ്വാഴ്‌ച വൈകിട്ട്‌ മൂന്നിനാണ്‌ സംഭവം. ശിവാനന്ദന്റെ രണ്ട് പെൺമക്കളിൽ മൂത്ത പെൺകുട്ടി വിസ്മയ (25) ആണ് കൊല്ലപ്പെട്ടത്. സഹോദരിയെ തീ കൊളുത്തി കൊലപ്പെടുത്തിയത് അനുജത്തി ജിത്തു (22) ആണെന്ന് റിപ്പോർട്ട്. ശിവാനന്ദനും ജിജിയും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

ജിത്തു ഇപ്പോഴും ഒളിവിലാണ്. ജിത്തുവിന് നഗരത്തിലെ ഒരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. വിസ്മയ ഇതിനെ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ജിത്തുവുമായി അടുപ്പമുള്ള, നഗരത്തിലെ ഒരു കടയിൽ ജോലി ചെയ്യുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
ശിവാനന്ദനും ജിജിയും രാവിലെ പതിനൊന്നോടെ ഡോക്‌ടറെ കാണാൻ ആലുവയിൽ പോയ സമയത്തായിരുന്നു സംഭവം. പന്ത്രണ്ടിനും രണ്ടിനും വിസ്‌മയ ഇവരെ വിളിച്ചിരുന്നു.

മൂന്നോടെ വീടിനകത്തുനിന്ന്‌ പുക ഉയരുന്നതുകണ്ട അയൽക്കാരാണ്‌ വിവരം പൊലീസിനെയും അഗ്നിശമനസേനയേയും കൗൺസിലറെയും അറിയിച്ചത്. വീടിന്റെ ഗേറ്റ് അകത്തുനിന്ന്‌ പൂട്ടിയിരുന്നു. മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. രണ്ടുമുറികൾ പൂർണമായി കത്തി. അതിൽ ഒന്നിലാണ്‌ മൃതദേഹം കണ്ടത്‌.

മുറിയുടെ വാതിലിന്റെ കട്ടിളയിൽ ചോരയും പരിസരത്ത്‌ മണ്ണെണ്ണയുടെ മണവുമുണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു. ജിത്തു രണ്ടുമാസമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.  ഒരാഴ്ച മുമ്പ് ശിവാനന്ദനെ വീട്ടിൽ പൂട്ടിയിട്ട്‌ പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു.