യോഗി ആദിത്യനാഥ് കേരളത്തെ കണ്ട് പഠിക്കൂ; വീണ്ടും പുകഴ്ത്തലുമായി ശശി തരൂർ

0
154

നീതി ആയോഗിന്റെ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂർ എം.പി. കേരളം ആരോഗ്യ സൂചികയിൽ ഒന്നാമതെത്തിയ വാർത്തയും കേരളം യു. പിയിൽ നിന്ന് പഠിക്കണമെന്ന യോഗിയുടെ മുൻപ്രസ്താവനയും ടാഗ് ചെയ്താണ് തരൂർ ട്വീറ്റ് ചെയ്തത്.

യോഗി ആദിത്യനാഥിന് താൽപര്യമുണ്ടെങ്കിൽ ആരോഗ്യ സമ്പ്രദായങ്ങൾ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ നടപടികളും കേരളത്തിൽ നിന്ന് പഠിക്കാവുന്നതാണ്. ഇത് രാജ്യത്തിന് ഗുണം ചെയ്യും. എന്നാൽ രാജ്യത്തെ നിങ്ങളുടെ അവസ്ഥയിലേക്കേ് തള്ളിവിടാനാണ് ശ്രമിക്കുന്നത് എന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.

സാമൂഹ്യ സുരക്ഷാ മേഖലകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ്കുമാർ പോൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുസ്ഥിര വികസന സൂചികയിൽ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം മുൻപന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മൊത്തത്തിലുള്ള ആരോഗ്യ പ്രകടനത്തിന്റെ കാര്യത്തിലാണ് കേരളം ഒന്നാം റാങ്കിലെത്തിയത്.ഉത്തർപ്രദേശാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനം. നീതി ആയോഗ് പുറത്തുവിടുന്ന ആരോഗ്യ സൂചികയുടെ നാലാം റൗണ്ട് ആണിത്. 2019-20 റഫറൻസ് വർഷം കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. തമിഴ്നാടും തെലങ്കാനയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.