വധിക്കുമെന്ന് ഭീഷണി; ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്ന് മുന്നറിയിപ്പ്: ജിഫ്രി മുത്തുക്കോയ തങ്ങള്‍

0
29

തനിക്ക് പലഭാഗത്തു നിന്നും ഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇകെ വിഭാഗം)പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ചെമ്പരിക്ക ഖാസി സി എം അബ്ദുള്ള മൗലവിയുടെ അനുഭവമുണ്ടാകുമെന്ന് പലരും വിളിച്ചുപറയുന്നുണ്ട്. എന്നാല്‍ ഇതുകൊണ്ടാന്നും താന്‍ പിറകോട്ട്പോകില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി. മലപ്പുറത്തിനടുത്ത് ആനക്കയത്ത് അഖില കേരള ഹിഫ്ള കോളേജ് ആര്‍ട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യവെയാണ് വധഭീഷണിയുള്ളതായി സമസ്ത പ്രസിഡന്റ് വെളിപ്പെടുത്തിയത്.

ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസംഗത്തില്‍ നിന്ന്:”ഒരു പ്രസ്ഥാനവുമായി മുന്നോട്ട്പോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. സി എമ്മിന്റെ (ചെമ്പരിക്ക ഖാസി സി എം അബ്ദുള്ള മൗലവിയുടെ)അനുഭവം ഉണ്ടാകും, മറ്റു ചിലരുടെ അനുഭവം ഉണ്ടാകും എന്നെല്ലാം പലരും വിളിച്ചുപറയുന്നുണ്ട്. ഞാന്‍ പറയാന്‍ പോകുകയാണ് ,അങ്ങിനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍ ….ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതി.

ഞാന്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകില്ല. അങ്ങനെയാണ് മരണമെങ്കില്‍ അല്ലാഹു ഈമാനോടു കൂടി മരിക്കാന്‍ തൗഫീഖ് ചെയ്യട്ടെ”. ഞായറാഴ്ചയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്ലിംലീഗ് ആഹ്വാനം ചെയ്ത പള്ളിസമരത്തെ തളളിപ്പറഞ്ഞതിനെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ ജിഫ്രി തങ്ങളെ നിരന്തരം വേട്ടയാടിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ കടുത്ത അധിക്ഷേപവര്‍ഷമുണ്ടായി.

ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ സാദിഖലി തങ്ങളടക്കമുള്ളവര്‍ മുന്‍കാല സമസ്ത നേതാക്കളുമായുള്ള ലീഗ് ബന്ധം എടുത്തുപറഞ്ഞ് പരോക്ഷവിമര്‍ശനവും നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ലീഗ് പ്രവര്‍ത്തകരാണ് വധഭീഷണിക്ക് പിന്നിലെന്നാണ് സൂചന. കാസര്‍കോട് സമസ്ത വൈസ് പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുള്ള മൗലവി 2010 ഫെബ്രുവരി 10നാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.