ഒമിക്രോൺ: ഡൽഹിയിൽ യെല്ലോ അലർട്ട്‌, സ്‌കൂളുകളും കോളേജുകളും അടച്ചു

0
41

ഡൽഹിയിൽ ഒമിക്രോൺ വകഭേദമടക്കം കോവിഡ്‌ വ്യാപനം കൂടുന്നതിനാൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകളും കോളജുകളും അടച്ചു. കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തന അനുമതി. റസ്റ്ററന്റുകളിലും മെട്രോ ട്രെയിനിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർക്ക്‌ മാത്രമാണ്‌ അനുമതി.

സ്വിമിങ് പൂള്‍, ജിം, തീയറ്റര്‍ എന്നിവ അടച്ചു. മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാക്കി. വിവാഹത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഡല്‍ഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കെജ്‌രിവാള്‍ അറിയിച്ചു.