തിരുവനന്തപുരത്ത് ഒരു മേയര്‍ ഉണ്ട്, അതിന് ഒരു വിവരവുമില്ലെന്ന് മനസിലായി’; ആര്യ രാജേന്ദ്രനെ വീണ്ടും അധിക്ഷേപിച്ച് കെ മുരളീധരൻ

0
37

മേയര്‍ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച്തി വീണ്ടും കെ മുരളീധരൻ എംപി. മേയര്‍ക്ക് വിവരം ഇല്ലാത്തതിനാലാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്നും ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്ക ബുദ്ധിയുള്ള ഒരുത്തനും സിപിഐ എമ്മില്‍ ഇല്ലെയെന്നുമായിരുന്നു കോൺഗ്രസ് നേതാവ് കൂടിയായ മുരളീധരന്റെ അധിക്ഷേപം.

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് സാധാരണ വാഹനം ഇടിച്ചുകയറ്റിയാല്‍ സ്‌പോടില്‍ വെടിവച്ച് കൊല്ലുകയാണ് സുരക്ഷാ സേന ചെയ്യുകയെന്നും മുരളീധരന്‍ പറഞ്ഞു. ‘തിരുവനന്തപുരത്ത് ഒരു മേയര്‍ ഉണ്ട്. അതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോള്‍ ഒരു കാര്യം മനസിലായി. അതിന് വിവരവും ഇല്ലെന്ന്. ആരെങ്കിലും ചെയ്യുമോ ? രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയാണ്. ഹോണടിച്ചിട്ട്.

രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറിയാല്‍ സ്പോട്ടില്‍ വെടിവയ്ക്കുകയാണ് ചെയ്യുന്നത്. ‘കീ’ന്നു ഹോണടിച്ച് കയറിയാല്‍, ‘ഠേ’ന്നുള്ള മറുപടിയായിരിക്കും കിട്ടുക. ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ലേ’ എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.

നേരത്തെയും സമാനമായ രീതിയില്‍ മുരളീധരന്‍ മേയര്‍ ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ചിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നുമായിരുന്നു കെ മുരളീധരന്റെ അധിക്ഷേപം.