നീണ്ട ഇടവേളക്ക് ശേഷം വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് തിരികെ എത്തുകയാണ് നടന്‍ സുധീർ കരമന. 23 വർഷങ്ങള്‍ക്ക് മുന്‍പ് ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിലെ അധ്യാപന ജോലിയില്‍ നിന്ന് നാട്ടിലെത്തിയ താരം 1998-ലാണ് വെങ്ങാനൂർ സ്‌കൂളിൽ അധ്യാപകനായി ചേർന്നത്. പിന്നീട് 2003-ൽ സ്കൂളിന്റെ പ്രിൻസിപ്പലായി ചുമതല എറ്റെടുത്തു. കഴിഞ്ഞ 17 വർഷമായി ഇതേ പദവിയില്‍ തുടരുകയായിരുന്നു.
ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രിന്‍സിപ്പല്‍ പദവിയിലേക്ക് മടങ്ങുകയാണെങ്കിലും അഭിനയ രംഗത്തും ശക്തമായ സാന്നിധ്യമായി സുധീർ കരമനയുണ്ടാകും. അടുത്തിടെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വോട്ട് നേടിയായിരുന്നു താരത്തിന്റെ വിജയം.
യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഭൂമിശാസ്ത്രത്തില്‍ ബിരുദം, തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്ന് വിദ്യാഭ്യാസ ബിരുദം എന്നിവ നേടിയ സുധീർ തിരുവനന്തപുരത്ത് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലാണ് ജോലി ആരംഭിച്ചത്. തുടർന്ന് 1993-ൽ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂളില്‍ അധ്യാപകനായി ചുമതലയേറ്റു. പിന്നീട് ഖത്തറിലേക്ക്. അവിടെ എംഇഎസ് ഇന്ത്യൻ സ്‌കൂളിലും അധ്യാപന വൃത്തി.
നടൻ കരമന ജനാർദനൻ നായരുടെയും ജയയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനായി തിരുവനന്തപുരം കരമനയിലായിരുന്നു സുധീർ കരമനയുടെ ജനനം. 2006-ല്‍ പത്മകുമാർ ഒരുക്കിയ വാസ്തവത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള ചുവടുവെപ്പ്.