ന്യൂനപക്ഷ വര്‍ഗീയത , ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുന്നു ; മുഖ്യമന്ത്രി പിണറായി വിജയന്‍

0
68

ന്യൂനപക്ഷ വര്‍ഗീയത , ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടും പരസ്പര പൂരകങ്ങളാണെന്ന് മുഖ്യമന്ത്രി പറയുന്നു. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ശക്തമാണ്. ആക്രമണം നടത്തിയാല്‍ പ്രോത്സാഹിപ്പിക്കുന്ന നേതൃത്വമാണ് ഉള്ളത്. വര്‍ഗീയത പ്രചരിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. എന്നാല്‍ ഈ വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തല്‍.

ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപകടകരമായ രാഷ്ട്രീയത്തിലേക്ക് നയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളം കലങ്ങട്ടെ, ലഹളകൾ ഉണ്ടാകട്ടെ എന്ന നിലപാടാണ് കോൺഗ്രസിനെ നയിക്കുന്നത്. കോൺഗ്രസ്സ് ഹിന്ദു വർഗീയ വളർത്തുമ്പോൾ ലീഗ് മുസ്ലിം വർഗീയത ശക്തിപ്പെടുത്തുകയാണ്. കേരളത്തെ കലാപഭൂമിയാക്കാൻ ആർഎസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നുവെന്നും ഇവരെ അകറ്റി നിർത്തണമെന്നും കോടിയേരി പറഞ്ഞു.

രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട ഭീതി ഉപയോഗപ്പെടുത്തുകയാണ് ഇന്ന് മത തീവ്രവാദ സംഘടനകൾ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആർഎസ്എസ് ഉണ്ടാക്കുന്ന ഭീഷണി തങ്ങളുടെ തടിമിടുക്ക് കൊണ്ട് നേരിടാമെന്ന് എസ്ഡിപിഐ കരുതുന്നു. ഇത് ആർ എസ് എസിന് തന്നെയാണ് ഗുണമാവുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ആർഎസ്എസിന് സമരസപ്പെട്ട് പോവുകയാണ് കോൺഗ്രസെന്നും പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസ്സ് രാജ്യത്ത് ബദലല്ല. ബദലിന് ബദൽ നയം വേണം.