എണ്ണിയിട്ടും എണ്ണിയിട്ടും തീരാതെ നോട്ട് കൂമ്പാരം, കാൺപൂരിൽ പെർഫ്യൂം വ്യാപാരിയിൽ നിന്ന് പിടിച്ചെടുത്തത് 150 കോടി രൂപയിലേറെ

0
61

സമാജ്‌വാദി പാർടിയുടെ പേരിൽ ‘സമാജ്‌വാദി അത്തർ’ പുറത്തിറക്കിയ പെർഫ്യൂം വ്യാപാരി പീയുഷ്‌ ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ആദായ നികുതി വകുപ്പ്‌ പരിശോധന. മൂന്ന്‌ സംസ്ഥാനങ്ങളിലെ ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഒരേ സമയം നടത്തിയ പരിശോധനയിൽ 150 കോടിയിലധികം രൂപ കണ്ടെടുത്തു. പിടിച്ചെടുത്ത പണം ഇതുവരെ എണ്ണിത്തീർക്കാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
പീയുഷ്‌ ജെയിന്റെ ഗുജറാത്തിലേയും മുംബൈയിലേയും ഉത്തർപ്രദേശിലേയും വീട്ടിലും ഓഫീസിലും പെട്രോൾ പമ്പ്‌, കോൾഡ്‌ സ്‌റ്റോറേജ്‌ അടക്കമുള്ള സ്ഥാപനങ്ങളിലും വ്യാഴാഴ്‌ചയാണ്‌ പരിശോധന ആരംഭിച്ചത്‌. വീട്ടിൽ അലമാരയിൽ പ്ലാസ്‌റ്റിക്‌ കവറിൽ പെതിഞ്ഞ നിലയിലായിരുന്നു പണം. 90 കോടിയോളം രൂപ വീട്ടിൽ നിന്നാണ്‌ കണ്ടെടുത്തതെന്നാണ്‌ സൂചന. ഉത്തർപ്രദേശിലെ വീട്ടിലും ഗുജറാത്തിലേയും മുംബൈയിലേയും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്‌.