വര്‍ക്കല എസ് എന്‍ കോളേജില്‍ ക്രിസ്മസ് ആഘോഷം അതിരുവിട്ടു, കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്,

0
96

വര്‍ക്കല എസ് എന്‍ കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനാപകടം. നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇതേ കോളേജിലെ ചില വിദ്യാർഥികൾ അപകടകരമായ രീതിയിൽ കാറോടിച്ച് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷമാണ് കാര്‍ നിന്നത്. ഓട്ടോറിക്ഷയ്ക്കും നാലു ബൈക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.

അപകടത്തിന് മുമ്പും കോളജിന് മുൻവശത്തെ റോഡില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ആഡംബര വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓടിച്ചതായി നാട്ടുകാർ പറഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അപകടമുണ്ടാക്കിയ വിദ്യാർത്ഥികൾക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും കേസെടുക്കും.