കുട്ടികൾക്ക് കൊവിഡ് വാക്സിൻ വേണ്ടെന്ന് വിദഗ്‌ധസമിതി; 12 വയസിനുതാഴെയുള്ള ഒരു കുട്ടി പോലും കൊവിഡിനാൽ മരിച്ചിട്ടില്ല

0
33

കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻടിഎജിഐ) വിലയിരുത്തൽ. ഒമിക്രോൺ ഭീതിയിൽ കുട്ടികൾക്ക് വാക്സിനേഷൻ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. കൊവിഡിന്റെ ഒമിക്രോൺ വകഭേദം കുട്ടികളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിദേശരാജ്യങ്ങളിലടക്കം പഠനം ആദ്യഘട്ടങ്ങളിലാണ്.

ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗം ഡോ. ജയപ്രകാശ് മൂലിയിൽ അറിയിച്ചു. പന്ത്രണ്ടു വയസ്സിനുതാഴെയുള്ള ഒരു കുട്ടിപോലും കൊവിഡിനാൽ മരിച്ചിട്ടില്ല. അർബുദം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിൽസയിലിരുന്ന ചില കുട്ടികളിൽ മരണശേഷം കൊവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ മരണകാരണം കൊവിഡായി കണക്കാക്കാനാകില്ല.

ഇനി കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാൻ ഭാവിയിൽ തീരുമാനമുണ്ടായാൽത്തന്നെ മറ്റു രോഗങ്ങളുള്ളവരെയാകും ആദ്യഘട്ടത്തിൽ പരിഗണിക്കുകയെന്നും ഡോ. ജയപ്രകാശ് പറഞ്ഞു. എന്നാൽ, കേന്ദ്രം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുട്ടികളിലെ കൊവിഡ് കുത്തിവെപ്പിൽ അടിയന്തര തീരുമാനമുണ്ടാകില്ലെന്ന് കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രതികരിച്ചിരുന്നു. മറ്റുരാജ്യങ്ങളിൽ കുട്ടികളുടെ വാക്സിനേഷന് കൂടുതൽ ഊന്നൽ നൽകുന്നില്ല. അത് എന്തുകൊണ്ടെന്ന് പഠിക്കാനും മാണ്ഡവ്യ വിദഗ്‌ധർക്ക് നിർദേശം നൽകിയിരുന്നു.