സമാധാന കേരളത്തെ ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗ്ഗീയശക്തികൾ നടത്തുന്ന നിഷ്‌ഠൂരമായ പരസ്‌പര കൊലപാതക രാഷ്ട്രീയം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കേരളത്തെ ചോരക്കളമാക്കാൻ വിരുദ്ധ വർഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണർവോടെയും ജാഗ്രതയോടെയും രംഗത്തു വരണം. എൽഡിഎഫ് ഭരണത്തിൽ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്. അതില്ലാതാക്കാനുള്ള ബോധപൂർവ്വമായ യജ്ഞത്തിലാണ് വർഗ്ഗീയ ശക്തികൾ. മതവർഗ്ഗീയത പരത്തി ജനങ്ങളിൽ സ്പർദ്ധയും അകൽച്ചയും ഉണ്ടാക്കി നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ട്.
ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വർഗ്ഗീയ ശക്തികൾ മത്സരിച്ച് നടത്തിയ കൊലപാതകങ്ങൾ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്. എസ്‌ഡിപിഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറിൽ കാറിടിച്ചിട്ട് ബിജെപിക്കാർ അരുംകൊല ചെയ്‌തപ്പോൾ, ബിജെപി നേതാവിനെ വീടുകയറി എസ്‌ഡിപിഐക്കാർ നിഷ്ഠൂരമായി കൊല്ലുകയായിരുന്നു. സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനജീവിതത്തെ തകിടം മറിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ.
അക്രമശക്തികൾക്കെതിരെ കർശനമായ ഭരണ പൊലീസ് നടപടികളിലേക്ക് സംസ്ഥാന സർക്കാർ തൽക്ഷണം നീങ്ങിയത് ആശ്വാസകരമാണ്. രണ്ട് കൊലപാതകങ്ങളിലേയും കുറ്റവാളികളേയും അതിന് പിന്നിൽ പ്രവർത്തിച്ചവരേയും പിടികൂടാൻ കർശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വർഗ്ഗീയ ശക്തികൾക്കും അക്രമകാരികൾക്കുമെതിരായ ഭരണത്തിന്റെ നിശ്ചയദാർഢ്യം വ്യക്തമാക്കുന്നതാണ്. കൊലപാതക ശക്തികൾ തന്നെ എൽഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്താൻ ഇറങ്ങിയിരിക്കുന്നത് അതിശയകരമാണ്.
കേരളം നിയമവാഴ്‌ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ പ്രസ്‌താവന ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്. ബിജെപിയുടെ സ്വരം തന്നെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ കേൾക്കുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.