പോത്തൻകോട് കൊലപാതകം; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

0
88

പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ. ഇന്നു പുലർച്ചെയാണ് രാജേഷ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ്‌ ഇയാളെ പിടികൂടിയതെന്നാണ്‌ വിവരം. ഒന്നാം പ്രതി സുധീഷ്‌ (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം എന്നിവർ റിമാൻഡിലാണ്.

കഴിഞ്ഞ 11 നാണ്‌ ഗുണ്ടാപ്പക കാരണം സുധീഷിനെ പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽവച്ച് വെട്ടിക്കൊന്നത്‌. തുടർന്ന്‌ കാൽ വെട്ടിയെടുത്ത്‌ ബൈക്കിൽ പോകുന്ന ദൃശ്യം പുറത്ത്‌ വന്നിരുന്നു. വെട്ടിയെടുത്ത കാൽപ്പാദം ഉയർത്തിപ്പിടിച്ച്‌ ബൈക്കിന്‌ പിറകിൽ യാത്ര ചെയ്‌തത്‌ ഒന്നാം പ്രതി സുധീഷാണ്‌.

രാജേഷിനു വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് ഒരു പൊലീസുകാരൻ മരിച്ചിരുന്നു. രാജേഷിനെ തേടിപ്പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം അഞ്ചുതെങ്ങ് കായലിൽ മുങ്ങിയാണ് തിരുവനന്തപുരം എസ്എപി ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ ആലപ്പുഴ പുന്നപ്ര സ്വദേശി എസ് ബാലു മരിച്ചത്.