സംസ്ഥാനത്ത് പൊലീസിന്‍റെ ജാഗ്രത നിർദേശം ; മൂന്ന് ദിവസത്തേക്ക് മൈക്ക് അനൗണ്‍സ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ല

0
90

സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പൊലീസിന്‍റെ ജാഗ്രത നിർദേശം. പ്രശ്ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തും. വാഹനങ്ങളിൽ ആയുധങ്ങൾ കടത്തുണ്ടോയെന്ന് പരിശോധിക്കും.

അവധിയിലുളള പൊലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസില്‍ ഉണ്ടായിരിക്കണം. നിരീക്ഷണം ശക്തമാക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്മെന്‍റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡിജിപി നിർദ്ദേശിച്ചു. പൊതുസമ്മേളനങ്ങള്‍ക്കും മറ്റുമായി അനുമതി തേടി പൊലീസിനെയാണ് സമീപിക്കേണ്ടത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
വാഹനപരിശോധനയും അതിര്‍ത്തിയിലെ പരിശോധനയും കർശനമാക്കാനും നിർദ്ദേശമുണ്ട്. വളരെ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിക്കുകയുള്ളു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.