വൈദ്യുതി ബില്ലടപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; മുൻ ബാങ്ക് മാനേജരെ പറ്റിച്ചത് ഒരു ലക്ഷം

0
72

വൈദ്യുതി ബില്ലടക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് നിരവധി ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ കെഎസ്ഇബി പൊലീസിന്‍റെ ഹൈ ടെക് സെല്ലില്‍ പരാതി നല്‍കി. ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.

എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും. ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തണം, ഇത്തരത്തിലുള്ള മൊബൈൽ സന്ദേശങ്ങളണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സന്ദേശത്തിലെ മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടാൽ കെ എസ്ഇബിയുടെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് തട്ടിപ്പുകാർക്കുള്ളത്.

കണ്ണൂര്‍ സ്വദേശിയായ റിട്ട ബാങ്ക് മാനേജര്‍ക്ക് ഒരു ലക്ഷത്തോളം രൂപയാണ് നശ്ടപ്പെട്ടത്. ഉപഭോക്താക്കളുടെ താൽപര്യംസംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡിലുള്ള സംഘമാണ് കെഎസ്ഇബി ഉപഭോക്താക്കളുടെ പണം തട്ടുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യാജ സന്ദേശങ്ങളോട് ഉഫഭോക്താക്കള്‍ യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.

കെഎസ് ഇ ബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്ക്കേണ്ട ബിൽ തുക, 13 അക്ക കൺസ്യൂമർ നമ്പർ, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. കെഎസ് ഇ ബിയുടെ വൈദ്യുതി ബിൽ അടയ്ക്കാൻ. wss.kseb.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷനോ പ്രയോജനപ്പെടുത്തണം.