ഭാരവാഹികളുടെ പട്ടിക അറിയിക്കാനായി ബിജെപി സംസ്‌ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്. പാർട്ടി ഘടകങ്ങളിൽ ഇത് വലിയ വിവാദമാവുകയാണ്.
പേര്, സംഘടനാ ചുമതല, മൊബൈൽ നമ്പർ, ജനന തീയതി, ഇ-മെയിൽ വിലാസം, ജാതി, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്ന ക്രമത്തിലാണ് എക്‌സൽ ഷീറ്റിൽ വ്യക്‌തിവിവരം അയക്കേണ്ടത്. ബിജെപി ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറുകളിൽ ജാതിയുടെ കാര്യം പരാമർശിച്ചിട്ടില്ല. എന്നാൽ ഭാരവാഹികളെ നിശ്‌ചയിക്കുമ്പോൾ ‘ജാതി സന്തുലനം’ പാലിക്കണമെന്ന കർശന നിർദ്ദേശമാണ് പാർട്ടി ഘടകങ്ങൾക്ക് നേതൃത്വം വാക്കാൽ നൽകിയത്.
മേഖല സംഘടനാ സെക്രട്ടറിമാർ അടക്കമുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരം ജാതി സന്തുലനത്തിന്റെ പേരിൽ പലരെയും ഒഴിവാക്കിയതായി ആക്ഷേപമുയർന്നു. കൃഷ്‌ണദാസ് പക്ഷത്തെ ചില പ്രമുഖ പ്രാദേശിക നേതാക്കളെ ‘വെട്ടാ’നും ജാതി ആയുധമാക്കിയതായി ആരോപണമുണ്ട്. നേരത്തെ സംസ്‌ഥാന സമിതിയംഗങ്ങളെ തീരുമാനിച്ചപ്പോഴും ജാതി പ്രധാന ഘടകമായിരുന്നു.