വിദ്യാർത്ഥിനിയുടെ ആത്മഹത്യ : അധ്യാപകനടക്കം രണ്ടുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

0
110

എട്ടാം തരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ്സിൽ പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ദേളി സ്ക്കൂളിലെ അധ്യാപകൻ ഉസ്മാൻ 25, ഉസ്മാന്റെ സുഹൃത്ത് നൗഷാദ് ബേഡകം എന്നിവർ പ്രതികളായ കേസ്സിലാണ് അന്വേഷണ സംഘം ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ 13 വയസ്സുള്ള 8– ാം തരം വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ കേസ്സിലാണ് കുറ്റപത്രം. കേസ്സ് റജിസ്റ്റർ ചെയ്ത് 90 ദിവസങ്ങൾക്കകം കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് സാധിച്ചു. പോക്സോ, ആത്മഹത്യാ പ്രേരണ, ഐടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

മൊബൈൽ ഫോണിൽ വിളിച്ച് അധ്യാപകൻ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് രക്ഷിതാക്കളുടെ പരാതി. ഉസ്മാനെ ഒളിവിൽ പോകാൻ സഹായിച്ച കുറ്റം ചുമത്തിയാണ് നൗഷാദിനെ അറസ്റ്റ് ചെയ്തത്.