ടി സി സിയിൽ പുതിയ പദ്ധതികൾ മന്ത്രി പി രാജീവ് ഉദ്‌ഘാടനം നിർവഹിച്ചു

0
115

സംസ്ഥാനത്തെ പ്രഥമ പൊതുമേഖലാ രാസവ്യവസായമായ ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ (ടിസിസി) പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രതിദിനം 75 ടൺ ഉൽപ്പാദനശേഷിയുള്ള കോസ്റ്റിക് സോഡാ പ്ലാൻ്റും, ഫ്ളോട്ടിങ്‌ ജെട്ടിയും ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉല്‍പ്പന്നമായ ഫര്‍ണസ് ഓയിലില്‍നിന്ന് പരിസ്ഥിതിസൗഹൃദ ആർ-എൽഎൻജി(റീ ഗ്യാസിഫൈഡ് എൽഎൻജി)യിലേക്ക് മാറ്റുന്ന പദ്ധതിയുടെ കമീഷനിങ്ങും നിർവഹിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പരിസ്ഥിതിസൗഹൃദവും പ്രവർത്തനച്ചെലവ് കുറഞ്ഞതുമായ നിരവധി പദ്ധതികൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ സ്റ്റീം കോ-ജനറേഷനോടുകൂടിയ 60 ടിപിഡി ഹൈഡ്രോക്ലോറിക് ആസിഡ് സിന്തസിസ് യൂണിറ്റ്, എല്ലാദിവസവും 100 ടൺ ശേഷിയുള്ള കോസ്റ്റിക് കോണ്‍സൻട്രേഷന്‍ പ്ലാന്റ്‌, ഊര്‍ജസംരക്ഷണത്തിന് സീറോഗ്യാപ് ടെക്നോളജിയിലേക്കുള്ള പരിവര്‍ത്തനം എന്നിവ ടിസിസിയിലെ പ്രധാന പദ്ധതികളാണ്.

പുതിയ പ്ലാന്റ്‌ ആരംഭിക്കുന്നതോടെ എല്ലാദിവസവും കോസ്റ്റിക് സോഡാ ഉൽപ്പാദനം 250 മെട്രിക് ടണ്ണായി വര്‍ധിക്കും. നൂതന സങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വൈദ്യുതിച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും.ഫ്ളോട്ടിങ്‌ ജെട്ടി ഉദ്ഘാടനത്തോടെ ഹൈഡ്രോക്ലോറിക് ആസിഡും മറ്റും ചവറയിലെ കെഎംഎംഎൽ പോലുള്ള ഉപഭോക്താക്കള്‍ക്ക് ഉൾനാടൻ ജലപാതവഴി എത്തിക്കാൻ സാധിക്കും.

ഇതോടെ ചരക്കുനീക്കത്തിൻ്റെ ചിലവിലും കുറവുണ്ടാകും. പുതിയ പദ്ധതികളിലൂടെയും നവീകരണത്ത്തിലൂടെയും കോവിഡുകാലം സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്നുള്ള തിരിച്ചുവരവിൻ്റെ പാതയിലാണ് കമ്പനി. ഭാവിയുടെ ഇന്ധനമായി കരുതുന്ന ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബസുകൾ ഇറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഹൈഡ്രജൻ മിഷനിലും പങ്കാളിയാകാൻ ടിസിസി സന്നദ്ധമാണ്.