Wednesday
17 December 2025
30.8 C
Kerala
HomePoliticsഗുര്‍നാം പാര്‍ട്ടി പ്രഖ്യാപിച്ചു; പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കും

ഗുര്‍നാം പാര്‍ട്ടി പ്രഖ്യാപിച്ചു; പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കും

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നാം സിംഗ് ഛാദുനി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന തന്റെ പാര്‍ട്ടി വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഛാദുനി പറഞ്ഞു.

കര്‍ഷക സമരം വിജയിച്ച പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് സംയുക്ത സംഘര്‍ഷ് പാര്‍ട്ടി. ഹരിയാന-പഞ്ചാബ് എന്നിവിടങ്ങളില്‍ കര്‍ഷകരെ സംഘടിപ്പിച്ചത് ഗുര്‍നാമായിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാന അധ്യക്ഷനാണ് ഗുര്‍നാം. ഈ വര്‍ഷം ആഗസ്റ്റില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ പരിപാടിയ്‌ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചത് ഛാദുനിയുടെ ആഹ്വാനപ്രകാരമായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ നേതാവ് രാകേഷ് ടികായത് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ തെരഞ്ഞെടുപ്പില്‍ തന്റെ പേരോ, പോസ്റ്ററില്‍ തന്റെ ചിത്രമോ പ്രചരണത്തിനുപയോഗിക്കരുതെന്നും ടികായത് വ്യക്തമാക്കി.‘ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും എന്റെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിക്കരുത്,’ ടികായത് വ്യക്തമാക്കി. എ.എന്‍.ഐയോടായിരുന്നു ടികായത്തിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി സമരം ചെയ്തിരുന്ന കര്‍ഷകര്‍ ഡിസംബര്‍ ഒമ്പതിനാണ് സമരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിക്കുകയായിരുന്നു.കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവില നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ രൂപീകരണത്തിനും ശേഷമാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്.

സമരം അവസാനിപ്പിച്ച കര്‍ഷകര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു.ജനുവരി 15ന് അവലോകനയോഗം ചേരുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോവുകയാണെങ്കില്‍ സമരം പുനരാംഭിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

RELATED ARTICLES

Most Popular

Recent Comments