ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം; ഹൈക്കോടതി

0
94

ഒന്നിലേറെ വിവാഹം കഴിച്ച മുസ്‌ലിം ഭർത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹ മോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. വിവാഹമോചനം തേടി തലശ്ശേരി കുടുംബ കോടതിയിൽ നൽകിയ ഹരജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.

മുസ്‌ലിം വിവാഹമോചന നിയമത്തിലെ സെക്ഷൻ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്. ഒന്നിലേറെ വിവാഹം കഴിച്ചാൽ ഭാര്യമാരെ തുല്യപരിഗണന നൽകി സംരക്ഷിക്കണമെന്നാണ് ഖുർആൻ അനുശാസിക്കുന്നത്. അതിനു വിരുദ്ധമായി ഒരാളിൽനിന്ന് വേർപിരിഞ്ഞ് കഴിഞ്ഞാൽ വിവാഹമോചനം അനുവദിക്കാമെന്ന് കോടതി വ്യക്‌തമാക്കി.

1991ലായിരുന്നു ഹരജിക്കാരിയുടെ വിവാഹം. അഞ്ചുവർഷമായി ഭർത്താവ് അകന്നുകഴിയുകയാണ്. 2019ലാണ് വിവാഹമോചന ഹരജി നൽകിയത്. 2014 മുതൽ ഭർത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഹരജിക്കാരി ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, മൂന്ന് കുട്ടികളുള്ളത് ചൂണ്ടിക്കാട്ടി ആ വാദം കോടതി തള്ളി.

കൂടാതെ വൈവാഹിക കടമകൾ നിർവഹിക്കുന്നതിൽ ഭർത്താവാണ് വീഴ്‌ച വരുത്തിയതെന്നും കോടതി വിലയിരുത്തി.ചിലവിന് നൽകി എന്നത് വൈവാഹിക കടമ നിർവഹിച്ചതിന് തുല്യമായി കണ്ട കുടുംബകോടതിയുടെ നിഗമനം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.

ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.