കര്‍ണാടക അസംബ്ളിയില്‍ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തി മുതിര്‍ന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെആർ രമേശ് കുമാർ. ‘ബലാൽസംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ’ എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സഭ തയ്യാറല്ലാത്തതിനെ തുടര്‍ന്നാണ് ഇയാൾ വിവാദമായ പ്രസ്‌താവന നടത്തിയത്.
കർഷക സമരം ചർച്ചചെയ്യുമ്പോൾ കൂടുതൽ സമയം വേണമെന്ന് സ്‌പീക്കർ വിശ്വേശ്വര ഹെഗ്ഡെ കഗേരിയോട് എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. എല്ലാവർക്കും കൂടുതൽ സമയം അനുവദിച്ചാൽ സെഷൻ മുന്നോട്ട് കൊണ്ടുപോകാനാകില്ല എന്നായിരുന്നു സ്‌പീക്കറുടെ മറുപടി. എന്നാൽ എംഎൽഎമാർ പ്രളയം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്‌ക്ക് കൂടുതൽ സമയം വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
‘എല്ലാവര്‍ക്കും സമയമനുവദിച്ചതല്ലേ, പിന്നെ എങ്ങനെയാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയ്‌ക്ക് എടുക്കുക. നിങ്ങള്‍ എന്ത് തീരുമാനിച്ചാലും ഞാന്‍ സമ്മതിക്കും. ഇപ്പോഴുള്ള സഭയിലെ അവസ്‌ഥ നമുക്കെല്ലാര്‍ക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാം എന്നാണ് ഞാന്‍ കരുതുന്നത്. നിലവിലെ സംവിധാനത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയില്ല, എന്റെ ആശങ്ക സഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ്,’ സ്‌പീക്കർ മറുപടി നൽകി.
ഈ പരാമർശത്തെ ഏറ്റെടുത്തായിരുന്നു കോൺഗ്രസ് എംഎൽഎയുടെ വിവാദ പരാമർശം.
‘ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. അതാണ് ഇപ്പോൾ താങ്കളുടെ അവസ്‌ഥ’ എന്നായിരുന്നു മുൻ സ്‌പീക്കർ കൂടിയായ കെആർ രമേശ് കുമാറിന്റെ പ്രസ്‌താവന. എംഎൽഎയുടെ പ്രസ്‌താവന സഭയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി.