കോൺഗ്രസ്സുകാരുടെ അധിക്ഷേപത്തിനുള്ള തിരിച്ചടിയായി പിണറായിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ

0
81

കോൺഗ്രസിൽ ശശി തരൂർ എം പിക്കെതിരെ നടക്കുന്ന അധിക്ഷേപത്തിന് മറുപടി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് തരൂര്‍ കോൺഗ്രസിന് മറുപടി നൽകിയത്. കെ- റെയിലില്‍ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പിടാതിരിക്കുകയും കഴിഞ്ഞ ദിവസം പിണറായി വിജയനെ പുകഴ്ത്തുകയും ചെയ്തതിന് പിന്നാലെയാണ് തരൂരിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

‘കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായുള്ള ചര്‍ച്ച ആസ്വാദ്യകരമായിരുന്നു. ചില സാഹചര്യങ്ങളില്‍ വളര്‍ച്ച കൈവരിക്കുന്നതിന് രാഷ്ട്രീയ വ്യത്യാസങ്ങളെ മാറ്റിനിര്‍ത്തേണ്ടതുണ്ട്,’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേളയില്‍ തരൂര്‍ പറഞ്ഞിരുന്നത്.

മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.അതേസമയം കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശശി തരൂര്‍ വ്യത്യസ്ത നിലപാടെടുക്കുന്നതില്‍ അതൃപ്തിയറിയിച്ച് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ തരൂര്‍ പുകഴ്ത്തി സംസാരിച്ചതിലും നേതൃത്വത്തിന് എതിര്‍പ്പുണ്ട്.

വിഷയത്തിലെ വ്യക്തത കുറവ് പരിഹരിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തരൂരിനോട് സംസാരിക്കാനാണ് സാധ്യത. കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് കെ. സുധാകരന്‍ തന്നെ തരൂരിന് വ്യക്തമാക്കി കൊടുക്കും. കെ റെയില്‍ പദ്ധതിയെ എതിര്‍ക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റേത് മാത്രമല്ല. ഉപസമിതിയെ വെച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി എടുത്തതാണ്.

പദ്ധതിയ്ക്കെതിരായ യു.ഡി.എഫ് എംപിമാരുടെ നിവേദനത്തില്‍ തരൂര്‍ ഒപ്പുവെക്കാതിരുന്നത് കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം തരൂരിനെതിരെ ആഞ്ഞടിച്ച് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. തരൂര്‍ എഴുത്തുകാരനും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയുമൊക്കെയായിരിക്കും എന്നാല്‍ അച്ചടക്കം പാലിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.