മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വീണ്ടും റെയ്ഡ്, ഒന്നര ലക്ഷം രൂപയും വിദേശ കറൻസികളും പിടിച്ചെടുത്തു

0
31

മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻവിറോൺമെന്റ് എഞ്ചിനീയർ ജെ ജോസ്‌മോന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ ദശലക്ഷക്കണക്കിന് രൂപ കണ്ടെടുത്തു. കൊല്ലം ഏഴുകോൺ ചീരങ്കാവിലുള്ള വീട്ടിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ ഒന്നര ലക്ഷത്തിലധികം രൂപയും ഒന്നര ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും പിടിച്ചെടുത്തു. 1.56 ലക്ഷം രൂപയുടെ നോട്ടുകളും 239 അമേരിക്കൻ ഡോളർ, 835 കനേഡിയൻ ഡോളർ, 1725 യുഎഇ ദിർഹം, ഒരു ഖത്തർ റിയാൽ എന്നിവയും റെയ്ഡിൽ പിടിച്ചെടുത്തു.

ഇയാൾക്ക് ബാങ്കിൽ ഒരു കോടി നാൽപത്തിനാല് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം ഉള്ളതായും ഇയാളുടെ തന്നെ പേരിൽ ജോസ് മോന്റെ പേരിൽ വാഗമണിൽ റിസോർട്ടും കൊട്ടാരക്കര എഴുകോണിൽ 3500 ചതുരശ്രയടിയിൽ ആഡംബര വീടും 17 സെന്റ് ഭൂമിയും കടമുറികളും രണ്ട് ഫ്ലാറ്റുകളും ഉള്ളതായും കണ്ടെത്തി. കൂടാതെ 18 ലക്ഷവും അഞ്ചു ലക്ഷവും വിലവരുന്ന രണ്ടു കാറുകളും ഉണ്ട്.

ലോക്കറിൽ 72 പവൻ സ്വർണവും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ടു ലക്ഷം രൂപ മുഖവിലയുള്ള 200 കടപ്പത്രം, നെടുമ്പാശേരി വിമാനത്താവളത്തിലും മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രിയിലും വൻതുകയുടെ ഓഹരികൾ ഉണ്ടെന്നും റെയ്ഡിൽ സ്ഥിരീകരിച്ചു. ഇൻഷുറൻസ് പോളിസികൾ മ്യൂച്ചൽ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും വിജിലൻസ് സംഘം പറഞ്ഞു.

കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ്മോന്റെ വീട്ടിലെ റെയ്ഡ്.

ജോസ് മോന്‍ ഒളിവിലാണെന്ന് വിജിലന്‍സ് പറഞ്ഞു. ജോസ് മോനെ കണ്ടെത്താന്‍ വിജിലന്‍സ് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ്. ജോസ് മോന്റേത് അനധികൃത സമ്പാദ്യമെന്നും ഇയാള്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു.