തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്‌മഹത്യക്ക്‌ ശ്രമിച്ചു

0
71

കോഴിക്കോട് തിക്കോടിയിൽ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ ഇയാൾ ആത്‌മഹത്യക്കും ശ്രമിച്ചു. തിക്കോടി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയക്കും നന്ദുവിനുമാണ് പൊള്ളലേറ്റത്. ഇരുവരുടെയും നില ഗുരുതരമാണ്.

തിക്കോടി പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. പ്രദേശവാസിയായ നന്ദു യുവതിയുടെയും പിന്നെ സ്വന്തം ശരീരത്തിലും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ബൈക്കിലെത്തിയ യുവാവ് യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് കുപ്പിയിൽ നിന്ന് പെട്രോളെടുത്ത് ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം പെൺകുട്ടിയുടെ അലർച്ചയാണ് കേട്ടതെന്ന് ദൃക്‌സാക്ഷി പറയുന്നു. പഞ്ചായത്ത് ഓഫിസിൽ പെൻഷന്റെ രേഖകൾ ശരിയാക്കുന്നതിനായി എത്തിയതായിരുന്നു ദൃക്‌സാക്ഷി. അപ്പോഴാണ് പെൺകുട്ടിയുടെ അലർച്ച കേട്ടതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

വസ്‌ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ് മാംസം വെന്ത നിലയിലാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. തലയിലൂടെ പെട്രോൾ ഒഴിച്ചതിനാൽ ശരീരമാകെ തീ ആളി പടരുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്‌തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.