കോൺഗ്രസിൽ പോര്മുറുകുന്നു: കെ-റെയിൽ അശാസ്‌ത്രീയം, തരൂരിന്റെ അഭിപ്രായം ഗുണകരമല്ല; കെ സുധാകരൻ

0
131

കെ -റെയിൽ അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് എംപി ശശി തരൂരിന്റെ അഭിപ്രായം പാർട്ടി നിലപാടിന് ഗുണകരമല്ല. അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. ശശി തരൂർ എംപിയുടെ നിലപാട് സംബന്ധിച്ച് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരുന്ന ശശി തരൂരിനും അച്ചടക്കം ബാധകമാണെന്നും അറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തരൂരിന്റേത് പിണറായി സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢനീക്കമാണെന്നും കെ റെയിലിനെതിരെയുള്ള നിവേദനത്തില്‍ ഒപ്പുവെക്കാതെ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഹൈക്കമാൻഡ് ഇടപെടണം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെ ജയിപ്പിക്കാന്‍ താനടക്കമുള്ള ഒരുപാടുപേര്‍ കഷ്‌ടപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

കെ റെയിലുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ സമരം ശക്‌തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്‌തമാക്കി. പദ്ധതിക്ക് പിറകിൽ വൻ അഴിമതിയാണ്, അതുകൊണ്ടാണ് അനാവശ്യ വേഗം കാണിക്കുന്നത്. നാളെ സംസ്‌ഥാന വ്യാപകമായി സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി. സില്‍വര്‍ ലൈനിനെതിരെയുള്ള നിവേദനത്തില്‍ ശശി തരൂര്‍ എംപി ഒപ്പിടാത്തത് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശശി തരൂരിന്റെ ഭാഗത്തു നിന്നുണ്ടായ നീക്കങ്ങള്‍ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തുവന്നിരുന്നു. വ്യവസായികളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘടന വേളയിലായിരുന്നു തരൂരിന്റെ പരാമർശം. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.