ഇന്ത്യയുടെ അഭിമാനം; ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആഗോള റാങ്കിങ്ങിൽ രണ്ടാം സ്ഥാനം

0
65
Uralungal Labor Contract Co-operative Society

ഇന്ത്യയുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS) ആഗോള റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. വ്യവസായ ഉപഭോക്തൃസേവന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമായി 2021-ലെ വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടര്‍ റാങ്ക് ചെയ്തിരിക്കുകയാണ്. രണ്ടാം വര്‍ഷമാണ് യുഎല്‍സിസി ഈ സ്ഥാനം നേടുന്നത്.

ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം സ്പെയിനിലെ കോര്‍പ്പറേഷന്‍ മോണ്‍ട്രാഗോണ്‍ എന്ന തൊഴിലാളി സംഘത്തിനാണ്. മൂന്നുമുതലുള്ള സ്ഥാനങ്ങള്‍ ഇറ്റലി, അമേരിക്ക, ജപ്പാന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ്. ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും (Euricse) ചേര്‍ന്നു വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടര്‍. വിപുലമായ വസ്തുതാശേഖരം പരിശോധിച്ചു ലോകത്തെ സഹകരണസമ്പദ്ഘടന വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

ഏറ്റവും മികച്ച 300 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതില്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോപ്പറേറ്റീവ് ലിമിറ്റഡ് (IFFCO), ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി, വളം നിര്‍മ്മാതാക്കളായ ക്രിഭ്‌കോ (Kribhco) എന്നിവയാണ് ഇന്ത്യയിൽ നിന്ന് ഊരാളുങ്കല്‍ സൊസൈറ്റിയെക്കൂടാതെ പട്ടികയിലുള്ളത്.

വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിയെ 2019-ല്‍ ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അംഗത്വം നല്‍കി ആദരിച്ചിരുന്നു. ആ ആഗോളസമിതിയില്‍ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണ സംഘമാണ് യുഎല്‍സിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎല്‍സിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍തന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്.

തൊഴിലാളികളുടെയും ജീവനക്കാരുടെയും ഭാരവാഹികളുടെയും ആത്മാർപ്പണമാണ് തിളക്കമാര്‍ന്ന ഈ നേട്ടത്തിനു പിന്നിൽ.