ഒമിക്രോൺ: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

0
56

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ എല്ലാവരും കൃത്യമായി പാലിക്കണം. സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങൾ, തീയറ്ററുകൾ, മാളുകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം. എറണാകുളത്ത് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചയാൾ കോങ്കോയിൽ നിന്നും വന്നതാണ്.

ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാൽ ഇദ്ദേഹം ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉൾപ്പെടെ പോയിരുന്നു. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക താരതമ്യേന വലുതാണ്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ജില്ലകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാവുന്നതാണ്. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ റാൻഡം പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പർക്കത്തിൽ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കുന്നതാണ്. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.

ഡിസംബർ ഒന്നു മുതൽ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങൾ വഴി ആകെ 1,47,844 യാത്രക്കാരാണ് എത്തിച്ചേർന്നിട്ടുള്ളത്. അവരിൽ 8,920 പേരെ വിമാനത്താവളങ്ങളിൽ വച്ചു തന്നെ പരിശോധിച്ചു. അതിൽ 15 പേരാണ് കോവിഡ് പോസിറ്റീവായത്. അതിൽ 13 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഇവരുടെ എല്ലാവരുടേയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡിസംബർ ഒന്നിന് മുമ്പ് ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തിയിട്ടുള്ള കോവിഡ് പോസിറ്റീവായിട്ടുള്ളവരുടേയും എട്ടാമത്തെ ദിവസം പരിശോധനാ ഫലം പോസിറ്റീവായിട്ടുള്ളവരുടേയും സാമ്പിളുകൾ ഉൾപ്പെടെ ആകെ 54 പേരുടെ സാമ്പിളുകളാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 44 പേരുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. അതിൽ 39 പേർ ഡെൽറ്റാ വേരിയന്റ് പോസിറ്റീവും 5 പേർ ഒമിക്രോൺ പോസിറ്റീവുമാണ്.

എറണാകുളത്ത് യുകെയിൽ നിന്നും എത്തിയാൾക്കാണ് ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള ഭാര്യയ്ക്കും (38) ഭാര്യാ മാതാവിനും (67), കോങ്കോയിൽ നിന്നും വന്ന മറ്റൊരാൾക്കുമാണ് (37) ഇന്നലെ എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച യുവതിക്ക് (22) വിമാനത്തിൽ നിന്നുള്ള സമ്പർക്കം മാത്രമാണുള്ളത്. ഇവർ തിരുവനന്തപുരത്തെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഒമിക്രോൺ സാഹചര്യത്തിൽ വാക്‌സിനേഷൻ ഡ്രൈവ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കും. വാക്‌സിൻ എടുക്കാത്തവർ ഉടൻ തന്നെ വാക്‌സിൻ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണം. അവബോധം ശക്തിപ്പെടുത്തുന്നതാണ്. ബാക്ക് ടു ബേസിക്‌സ് അടിസ്ഥാനമാക്കി മാസ്‌ക്, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ഡി.എംഒ..മാർ, ഡി.പി.എം.മാർ, സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.