തിരുവനന്തപുരം ലുലുമാൾ നാടിന് സമർപ്പിച്ചു

0
21

ആഹ്ലാദവും ആവേശവും അലതല്ലിയ അന്തരീക്ഷത്തിൽ തിരുവനന്തപുരം ലുലുമാൾ നാടിന് സമർപ്പിച്ചു. തലസ്ഥാന നഗരിയിൽ രാജകീയ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന ലുലുമാൾ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷനായി. യുഎഇ വിദേശകാര്യമന്ത്രി ഡോ. താനി അഹമ്മദ് സെയ്‌ഓദി മുഖ്യാതിഥിയായി. ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അബ്ദുൾറഹ്മാൻ അൽബന്ന, മന്ത്രി ജി ആർ അനിൽ, ശശി തരൂർ എംപി, ജോസ് കെ മാണി എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, നടൻ മമ്മൂട്ടി, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർ ഡീ ജി കുമാരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയവർ ആശംസയർപ്പിച്ചു. ലുലു ഗ്രൂപ്പ്‌ ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ എം എ യൂസഫലി സ്വാഗതം പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എംപി, നടനും എംഎൽഎയുമായ മുകേഷ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പ് സൂസെപാക്യം തുടങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ്‌ മാളുകളിലൊന്നാണ് തിരുവനന്തപുരം ലുലുമാൾ. 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്രയടിയിലാണ്‌ ടെക്നോപാർക്കിന്‌ സമീപം ആക്കുളത്ത് മാൾ ഒരുക്കിയത്. രണ്ടു ലക്ഷം ചതുരശ്രയടിയിൽ ലുലു ഹൈപ്പർ മാർക്കറ്റാണ് മുഖ്യ ആകർഷണം. ഇന്ത്യൻ, അറബിക് ഭക്ഷണത്തിനുള്ള പ്രത്യേക വിഭാഗവും കുടുംബശ്രീയുടെതടക്കം പ്രാദേശിക ഉൽപ്പന്നങ്ങളും ലഭ്യമാണ്‌. ഇരുനൂറിൽപ്പരം രാജ്യാന്തര ബ്രാൻഡുകളുടെ ഷോപ്പുകൾ, ഖാദി ഉൽപ്പന്നങ്ങളുടെ വൻശേഖരം, വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേ സമയം 2,500 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, പുറമെ സ്റ്റാർ ബക്‌സ്‌ മുതൽ നാടൻ വിഭവങ്ങൾവരെ ഒരുക്കി കഫേകളും റസ്റ്റോറന്റുകളും സജ്ജമാണ്.

കുട്ടികൾക്ക് വിനോദത്തിനായി ‘ഫൺട്യൂറ’ സെന്ററും സിപ് ലൈൻവഴി മാളിനകം ചുറ്റാൻ സാഹസികയാത്രയും ഒരുക്കിയിട്ടുണ്ട്‌. പിവിആർ സിനിമാസ് ഒരുക്കുന്ന 12 സ്‌ക്രീൻ സൂപ്പർപ്ലക്സ്‌ തിയറ്റർ ഉടൻ തുറക്കും. നേരിട്ടും അല്ലാതെയും 15,000 തൊഴിലവസരമാണ്‌ ലഭ്യമാക്കുന്നത്‌. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500ൽ അധികം വാഹനങ്ങൾ നിർത്തിയിടാവുന്ന എട്ട് നില പാർക്കിങ് കേന്ദ്രമുണ്ട്.