വാക്സിനെടുക്കാത്ത ജീവനക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഗൂഗിൾ. കമ്പനിയുടെ കോവിഡ് 19 വാക്‌സിനേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഡിസംബർ മൂന്നിന് മുമ്പ് ജീവനക്കാർ അവരുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് തെളിവുസഹിതം കമ്പനിയെ അറിയിക്കണന്നും ഗൂഗിൾ മാനേജ്‌മെൻറ് അറിയിച്ചിരുന്നു. വാക്‌സിൻ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്‌നങ്ങളോ അല്ലെങ്കിൽ മതപരമായ ഇളവുകൾ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഡിസംബർ മൂന്നിന് ശേഷം വാക്‌സിനേഷൻ സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാത്തവരെയും ഇളവുകൾ നിരസിച്ച ജീവനക്കാരുമായും കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും ഗൂഗിൾ അറിയിച്ചതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. ജനുവരി 18നകം വാക്‌സിനേഷൻ നിയമങ്ങൾ പാലിക്കാത്ത ജീവനക്കാർക്ക് ആദ്യം 30 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി അനുവദിക്കും. അതിനുശേഷം, ആറുമാസം വരെ ശമ്പളമില്ലാത്ത വ്യക്തിഗത അവധിയിൽ ആക്കും, തുടർന്ന് പിരിച്ചുവിടുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഒമിക്രോൺ വ്യാപനത്തെ തുടർന്നും ജീവനക്കാരുടെ എതിർപ്പുകൾ പരിഗണിച്ചും ഗൂഗിൾ വർക്ക് ഫ്രം ഹോം നീട്ടിയിരുന്നു. ജനുവരി പത്തോടെ ആഴ്ചയിൽ മൂന്നുദിവസം ഓഫിസിലെത്തി ജോലി ചെയ്യാൻ കഴിയുന്ന രീതിയിൽ ജോലി ക്രമീകരിക്കാൻ കഴിയുമെന്നായിരുന്നു ഗുഗിളിൻറെ പ്രതീക്ഷ.