വി സി നിയമനം ചോദ്യം ചെയ്തു നൽകിയ ഹർജി ഹൈക്കോടതി തള്ളി

0
109

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ തുടര്‍നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുപോലുമില്ല. സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി വിസി നിയമനം ശരിവെച്ചു.

ഹര്‍ജിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിന് നല്‍കിയ കത്ത് ഹാജരാക്കാന്‍ ഹര്‍ജി ഭാഗം കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, കത്തിന് കേസില്‍ പ്രസക്തിയില്ലെന്ന് ജസ്റ്റിസ് അമിത് റാവല്‍ വ്യക്തമാക്കി. നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി നേരത്തേ വിധിപറയാന്‍ മാറ്റിയിരുന്നു.

വിസിയെ നീക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഹര്‍ജി നിലനില്‍ക്കില്ലെന്നും പൊതുതാല്‍പ്പര്യഹര്‍ജിയായാണ് പരിഗണിക്കേണ്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ നിയമനമല്ല, പുനര്‍നിയമനമാണ് നടന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.