പ്രമുഖ കന്നഡ എഴുത്തുകാരി രാജേശ്വരി തേജസ്വി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാഷ്ട്രകവി കൂവേമ്പുവിന്റെ മകനും എഴുത്തുകാരനുമായ പൂർണചന്ദ്ര തേജസ്വിയാണ് ഭർത്താവ്. ഭർത്താവിന്റെ മരണശേഷം 2007-ലാണ് സാഹിത്യരംഗത്ത് സജീവമാകുന്നത്.
പൂർണചന്ദ്രതേജസ്വിയെക്കുറിച്ചുള്ള ഓർമക്കുറിപ്പുകളായ ‘നന്ന തേജസ്വി’യാണ് ആദ്യ കൃതി. കന്നഡ സാഹിത്യരംഗത്ത് ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടു. പുസ്തകത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങി ഏതാനും കാലയളവിനുള്ളിൽ തന്നെ നാല് പതിപ്പാണ് വിറ്റഴിഞ്ഞത്. ഗാന്ധിയുടെ ആശയങ്ങൾ മുൻനിർത്തി രചിച്ച ‘നന്ന മനേഗു ബന്ദാരു ഗാന്ധിജി’ എന്ന പുസ്തകവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കന്നഡ ആനുകാലികങ്ങളിൽ കാലിക പ്രസക്തമായ വിഷയങ്ങളിൽ ഒട്ടേറെ ലേഖനങ്ങളും എഴുതി.
സ്റ്റാമ്പ് ശേഖരണം, പൂന്തോട്ട സംരക്ഷണം എന്നിവയിലും അതീവ തല്പരയായിരുന്നു. ഇടതു പുരോഗമന പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയർമാരായ സുസ്മിത, ഇഷാന്യ എന്നിവരാണ് മക്കൾ.
1937-ൽ ബെംഗളൂരു കലാസിപാളയയിലായിരുന്നു ജനനം.
തത്വശാസ്ത്രത്തിൽ ബിഎ (ഓണേഴ്‌സ്) നേടിയശേഷം മൈസൂരു സര്വകലാശാലയില് നിന്നും ബിരുദാനന്തര ബിരുദവും നേടി. മൈസൂരു സർവകലാശാലയിലെ പഠനത്തിനിടെയാണ് പൂർണചന്ദ്രതേജസ്വിയെ പരിചയപ്പെട്ടത്. 1966-ഐ രാഷ്ട്രകവി കൂവേമ്പു തുടങ്ങിവെച്ച മന്ത്ര മംഗല്യസങ്കൽപ്പ പ്രകാരം ഇരുവരും വിവാഹിതരായി.
ഭർത്താവ് പൂർണചന്ദ്ര തേജസ്വിയുടെ മരണശേഷം ചിക്കമഗളൂരു മുഡിഗരെയിലെ നിരത്തുറയിലായിരുന്നു താമസം. മൃതദേഹം മകളുടെ വീട്ടിൽ പൊതുദര്ശനത്തിനുവെച്ചശേഷം ആശുപത്രിക്ക് കൈമാറി.