ഹലാലിനെതിരെ വിദ്വേഷ പ്രസംഗം; കെ. സുരേന്ദ്രനെതിരെ കേസ്

0
51

ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുത്തു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ല സെക്രട്ടറി അഡ്വ. അനിൽകുമാർ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സുരേന്ദ്രന്റെ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതും വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.നവംബർ 17നാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ ഹലാൽ ഭക്ഷണത്തിനെതിരെ സുരേന്ദ്രൻ വിദ്വേഷ പരാമർശം നടത്തിയത്. ഹലാൽ എന്ന പേരിൽ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാൽ ഭക്ഷണശാലകൾ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്.

ഹലാൽ എന്ന പേരിൽ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാൽ സർട്ടിഫൈഡ് ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കരുതെന്നുമാണ് സംഘപരിവാർ പ്രചരണം നടത്തിയിരുന്നത്.ഭക്ഷണത്തിൽ മന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുസ്‌ലിം ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പിയാണ് വിതരണം ചെയ്യുന്നത് എന്നതടക്കമുള്ളമുള്ള വിദ്വേഷം വമിപ്പിക്കുന്ന പരാമർശങ്ങളും സുരേന്ദ്രൻ നടത്തിയിരുന്നു.

അതേസമയം, പിണറായി സർക്കാരിന്റെ കാലത്ത് കേരള പൊലീസും സംഘപരിവാറും തമ്മിൽ അന്തർധാര സജീവമാണെന്ന് വെൽഫെയർ പാർട്ടി ആരോപിക്കുന്നുണ്ട്. പരാതി നൽകി ഏറെ നാളുകൾക്ക് ശേഷമാണ് സുരേന്ദ്രനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.പൊലീസിന്റെ ഭാഗത്ത് നിന്ന് നീതിപൂർവമായ നടപടികളല്ല ഉണ്ടാകുന്നതെങ്കിൽ നിയമപരമായ മറ്റ് മാർഗങ്ങൾ സ്വീകരിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.