Monday
12 January 2026
23.8 C
Kerala
HomeKeralaസര്‍ക്കാര്‍ വാക്ക് പാലിച്ചു; 307 എന്‍എജെആര്‍മാരെ നിയമിച്ചു: മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാര്‍ വാക്ക് പാലിച്ചു; 307 എന്‍എജെആര്‍മാരെ നിയമിച്ചു: മന്ത്രി വീണാ ജോര്‍ജ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ 307 നോണ്‍ അക്കാഡമിക് റസിഡന്‍സ്മാരെ (എന്‍എജെആര്‍) നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 50, കോട്ടയം 56, തൃശൂര്‍ 50, കണ്ണൂര്‍ 33, എറണാകുളം 7 എന്നിങ്ങനെയാണ് മെഡിക്കല്‍ കോളേജുകളില്‍ എന്‍എജെആര്‍മാരെ നിയമിച്ചത്.

നിയമിച്ചവര്‍ ഉടന്‍തന്നെ ജോലിയില്‍ പ്രവേശിച്ചു തുടങ്ങി. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഇന്റര്‍വ്യൂന് ജൂനിയര്‍ ഡോക്ടര്‍മാരുടെ തിരക്കായിരുന്നു. തിരുവനന്തപുരം 50, ആലപ്പുഴ 61, കോഴിക്കോട് 72, കോട്ടയം 75, തൃശൂര്‍ 72, കണ്ണൂര്‍ 36, എറണാകുളം 7, എന്നിങ്ങനെ 373 എന്‍എജെആര്‍മാരെ 45,000 രൂപ വേതനത്തില്‍ അതത് മെഡിക്കല്‍ കോളേജുകള്‍ക്ക് നിയമിക്കാനാണ് അനുമതി നല്‍കിയത്. ബാക്കിയുള്ളവരെ ഉടന്‍ തന്നെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ ഏഴിന്റെ ചര്‍ച്ചയില്‍ പിജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു എന്‍എജെആര്‍മാരെ നിയമിക്കണമെന്നത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടുകയും രണ്ട് ദിവസത്തിനകം ഡിസംബര്‍ 9ന് ഇവരെ നിയമിക്കാന്‍ അനുമതി നല്‍കി ഉത്തരവ് ഇറക്കുകയും ചെയ്തു. ഈ ഉത്തരവില്‍ വ്യക്തതയില്ലായെന്നും, എന്ന് നിയമിക്കുമെന്ന് അറിയില്ലായെന്നും പറഞ്ഞാണ് പുതിയ ആള്‍ക്കാര്‍ സമരവുമായി മുന്നോട്ട് പോയത്. എന്നാല്‍ കൃത്യമായ വ്യക്തത വരുത്തിയാണ് ഇത്രയും കുറഞ്ഞനാള്‍ കൊണ്ട് അപേക്ഷ വിളിച്ച് ഇത്രയും പേരെ അടിയന്തരമായി നിയമിച്ചത്.

എസ്ഇബിസി, ഇഡബ്ല്യുഎസ് സംവരണ വ്യവസ്ഥകളിന്മേലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാലാണ് പിജി പ്രവേശനം വൈകുന്നത്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനാലാണ് ഒന്നാം വര്‍ഷ പിജി പ്രവേശനം നടക്കുന്നത് വരെ എന്‍എജെആര്‍മാരെ നിയമിച്ചത്. സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യം പരിഹരിച്ച സ്ഥിതിക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

RELATED ARTICLES

Most Popular

Recent Comments