ബാലവേല തടയുക ലക്ഷ്യം: വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം

0
67

സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ബാലവേല സംബന്ധിച്ച് വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവ്. ബാലവേല നിയമപരമായി നിരോധിച്ചിട്ടുണ്ട്. അത് ക്രിമിനല്‍ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ബാലവേല കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാര്‍ വഴിയും കുട്ടികളെ ജോലിക്കായി കൊണ്ടുവരുന്ന സാഹചര്യമുണ്ട്. പൊതുജന പങ്കാളിത്തത്തോടെയേ ഇത് തടയാനാകുവെന്നും മന്ത്രി പറഞ്ഞു.

ചൈല്‍ഡ് ആന്റ് അഡോളസെന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്റ് റെഗുലേഷന്‍) നിയമപ്രകാരം 14 വയസ് പൂര്‍ത്തിയാകാത്ത കുട്ടികളെ ജോലിയില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. 14 വയസ് കഴിഞ്ഞതും 18 വയസ് പൂര്‍ത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുത്താന്‍ പാടില്ല. കോവിഡ് കാലത്ത് പല സ്ഥലങ്ങളിലും ബാലവേല റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. അതിനാലാണ് ബാലവേല തടയാന്‍ പദ്ധതി ആരംഭിക്കുന്നത്.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ടത്. ഇവരുടെ ഫോണ്‍ നമ്പരുകള്‍ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കില്‍ നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഉദ്യോഗസ്ഥന്‍, തൊഴില്‍, പോലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെ ബാലവേല തടയാൻ നടപടിയെടുക്കും. അര്‍ഹരായവര്‍ക്ക് രഹസ്യ സ്വഭാവത്തോടെ പാരിതോഷിക തുക നൽകും.