രാഹുൽഗാന്ധി നടത്തിയ ഹിന്ദുത്വ പ്രീണനം മതനിരപേക്ഷത തകർക്കുന്നതാണെന്നും ബിജെപിയുടെ വർഗീയതക്ക് ബദൽ ഇടതുപക്ഷം മാത്രമാണെന്നും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. സിപിഐ എം 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ബിജെപിയുടെ വർഗീയ അജണ്ടകൾക്കും കുത്തക സ്വകാര്യ വത്‌കരണ നയങ്ങൾക്കും ബദലായി രാജ്യത്തെ കൊണ്ടുപോകുന്നതിന് ആർക്ക് കഴിയും എന്നതാണ് ആലോചിക്കേണ്ടത്. ആ ബദൽ കാഴ്ചപ്പാടുകൾക്ക് അവരുടെ വർഗീയ പ്രത്യയശാസ്‌ത്ര നിലപാടുകളെ ശക്‌തമായി എതിർക്കാൻ കഴിയണം.
അതിന് മതനിരപേക്ഷം എന്നവകാശപ്പെടുന്ന കോൺഗ്രസിന് കഴിയില്ലെന്ന് അവർ വീണ്ടും തെളിയിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ രാഹുൽഗാന്ധി നടത്തിയ മൃദുഹിന്ദുത്വ പ്രീണന നിലപാട് അതാണ് വ്യക്‌തമാക്കുന്നത്. വർഗീയതയോട് വിട്ടുവിഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അതിന്റെ ഭാഗമായാണ് വർഗീയ പ്രീണനം ഉറപ്പിച്ച് പ്രഖ്യാപിക്കുന്ന നിലപാട് ഇപ്പോഴുണ്ടായത്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.