ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു

0
69

മലയാളത്തിന്റെ ഹാസ്യസമ്രാട്ട്‌ ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക്‌ മടങ്ങിയെത്തുന്നു. കെ മധു–എസ്‌ എൻ സ്വാമി–-മമ്മൂട്ടി കൂട്ടുകെട്ടിന്റെ സിബിഐ പരമ്പര അഞ്ചാംഭാഗത്തിലൂടെയാണ്‌ മടക്കം. ഒരു സിബിഐ ഡയറിക്കുറിപ്പുമുതൽ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം എന്ന കഥാപാത്രമായിട്ടാണ്‌ ജഗതി വെള്ളിത്തിരയിൽ മുഖം കാണിക്കുക. ജഗതി സിനിമയിലേക്ക്‌ മടങ്ങിയെത്തുന്ന വാർത്തയെ ആഹ്ലാദത്തോടെയാണ്‌ ചലച്ചിത്രലോകം എതിരേറ്റത്‌.

2012ൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഒമ്പതുവർഷമായി അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന ജഗതിയുടെ ശ്രദ്ധേയമായ തിരിച്ചുവരവാകും സിബിഐ അഞ്ചാംഭാഗം. ജഗതി ഉൾപ്പെടുന്ന സീനിന്റെ ചിത്രീകരണം അടുത്തമാസം നടക്കും. ചിത്രീകരണം തിരുവനന്തപുരത്ത്‌ ജഗതിയുടെ പേയാട്ടുള്ള വസതിയിൽത്തന്നെയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്നറിയുന്നു.

സിബിഐ പരമ്പരയിലെ അഞ്ചാംഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്‌. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമാണം. പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമെ രൺജി പണിക്കർ, രമേഷ് പിഷാരടി, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്‌.