ലീഗിനെതിരെയുള്ള പരാതി പിൻവലിച്ചില്ലെങ്കിൽ കാല്‌ തല്ലിയൊടിക്കുമെന്ന്‌ ഭീഷണി

0
117

മുസ്ലീംലീഗിനെതിരെ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ കാൽ തല്ലിയൊടിക്കുമെന്ന് ഭീഷണി. സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം എ പി മുജീബ്, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസീം ഇരിക്കൂർ എന്നിവർക്കാണ് ഭീഷണിക്കത്ത്.

ചൊവ്വാഴ്ച രാവിലെയാണ് സിപിഐ എം തിരൂരങ്ങാടി ഏരിയ കമ്മിറ്റി ഓഫീസായ പരപ്പനങ്ങാടിയിലെ എ കെ ജി ഭവനിൽ ഭീഷണിക്കത്ത് കിട്ടിയത്. തപാലിലാണ് കത്ത് അയച്ചിരിക്കുന്നത്. കോഴിക്കോട് ബീച്ചിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വഖഫ് സംരക്ഷണമെന്ന പേരിൽ മുസ്ലീംലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിക്കെതിരെ സിപിഐ എം നെടുവ ലോക്കൽകമ്മിറ്റിയംഗം എ പി മുജീബ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയനുസരിച്ച് കോഴിക്കോട് വെള്ളയിൽ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. വിദ്വേഷ പ്രസംഗത്തിനെതിരെ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസീം ഇരിക്കൂറും ലേഖനത്തിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.

ഡിസംബർ 21 നകം മുസ്ലീം ലീഗിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന ഭീഷണിയും കത്തിലുണ്ട്. നഹ ആൻ്റ് സീതി ഹാജി ടൈഗർ ഫോഴ്സ് എടവണ്ണ എന്നും കത്തിലുണ്ട്. ഭീഷണി കത്തിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ പി മുജീബ് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി.