സാമ്പത്തിക തിരിമറി: ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ അറസ്റ്റില്‍

0
57

മുസ്ലീംലീഗ്‌ മുഖപത്രമായ ചന്ദ്രികയിൽ സാമ്പത്തിക തട്ടിപ്പ്‌ കേസിൽ ഫിനാൻസ്‌ ഡയറക്ടർ പി എം എ സമീർ അറസ്‌റ്റിൽ. ജീവനക്കാരുടെ പി എഫ്‌ വിഹിതം അടയ്‌ക്കാത്ത കേസിലാണ്‌ നടക്കാവ്‌ പൊലീസ്‌ അറസ്റ്റ് ചെയ്‌തത്‌. ജീവനക്കാർ നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌.
അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി.

2017 മുതൽ 100 ഓളം ജീവനക്കാരുടെ പിരിച്ചെടുത്ത പിഎഫ്‌ വിഹിതമാണ്‌ അടയ്‌ക്കാത്തത്‌. പിഴയും പിഴ പലിശയുമായി ഏകദേശം നാല്‌ കോടിയോളം രൂപയാണ്‌ അടയ്‌ക്കാനുള്ളത്‌. പിഎഫ്, ലൈഫ് ഇൻഷുറൻസ് എന്നിവയിലേക്കായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച 2.20 കോടി രൂപ കണക്കിലില്ലെന്നും ഇത് ഫിനാൻസ് ഡയറക്ടർ മുക്കിയെന്നുമാണ് പരാതി.

ചന്ദ്രിക ദിനപ്പത്രത്തിലെ ജീവനക്കാർ തന്നെയാണ് പരാതിക്കാർ. ജീവനക്കാർ 2017 സപ്തംബർ മുതൽ വിഹിതം നൽകുന്നുണ്ടെങ്കിലും ഇത് പിഎഫിൽ നിക്ഷേപിക്കുന്നില്ലെന്നാണ് പരാതി. കമ്പനിയുടെ വിഹിതവും അടച്ചിരുന്നില്ല. പിഎഫ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാർ കോഴിക്കോട് ചന്ദ്രിക ഓഫീസിന് മുന്നിൽ ദീർഘനാളായി സമരത്തിലായിരുന്നു. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി ഏത്‌ സമയം വിളിച്ചാലും ഹാജരാകണമെന്ന്‌ മുൻകൂർ ജാമ്യ വ്യവസ്ഥയിലാണ്‌ വിട്ടയച്ചതെന്ന്‌ പൊലീസ്‌ അറിയിച്ചു.