BREAKING ശ്രീനഗറിൽ പോലീസ് ബസ്സിന്‌ നേരെ ഭികരാക്രമണം: രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു; 14 പേർക്ക് ഗുരുതരം

0
56

ശ്രീനഗറിലെ സേവാനിൽ പൊലീസ് വാഹനത്തിനു നേരെ ഭികരർ നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. 14 പേർക്ക് ഗുരുതര പരിക്ക്. വൈകിട്ട് അഞ്ചരയോടെ സേവാനിൽ പൊലീസ് ക്യാമ്പിന് മുന്നിൽ നിർത്തിയിട്ട ബസിനുനേരെയായിരുന്നു മിന്നലാക്രമണം.

പന്താ ചൗക്കിലെ പൊലീസ് ക്യാമ്പ് ലക്ഷ്യമിട്ടെത്തിയ ഭീകരർ പുറത്ത് നിർത്തിയിട്ടിരുന്ന ബസിനുനേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ജമ്മു കാശ്മീർ ആംഡ് പൊലീസ് ഫോഴ്സിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ഒരു കോൺസ്റ്റബിളുമാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും കശ്മീര്‍ പോലീസ് അറിയിച്ചു. അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ചു കടന്നാണ് ഭീകരർ നിറയൊഴിച്ചത്. ഭീകരരെ കണ്ടെത്താൻ ആക്രമണമുണ്ടായ മേഖല വളഞ്ഞ് സുരക്ഷാസേന തെരച്ചിൽ തുടങ്ങി.

അതിനിടെ, പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബസ് ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസത്തിനിടെ കാശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. വെള്ളിയാഴ്‌ച ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച പകൽ ജ​മ്മുവിലുണ്ടായ ഏറ്റുമുട്ടലില്‍ സു​ര​ക്ഷാ​സേ​ന ര​ണ്ടു ഭീ​ക​ര​രെ വധിച്ചിരുന്നു. സ്ഥലത്ത് സൈന്യം ജാഗ്രത പാലിക്കുന്നതിനിടെയാണ് ശ്രീനഗറിൽ സേവാനിലെ ഭീകരാക്രമണം.