പത്മിനി വർക്കി പുരസ്‌കാരം; ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് സമ്മാനിച്ചു

0
52

ഇക്കൊല്ലത്തെ പത്മിനി വർക്കി സ്മാരക പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് സമ്മാനിച്ചു. കോവിഡ് കാലത്തുൾപ്പടെ നിരവധി പേരുടെ ജീവൻ രക്ഷിക്കുവാൻ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയും ആണ് പുരസ്‌കാരത്തിന് അർഹയാക്കിയത്.

പത്മിനി വർക്കിയുടെ ചരമ വാർഷിക ദിനമായ ഡിസംബർ 12 നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരം സമർപ്പിച്ചു. ഹസ്സൻ മരക്കാർ ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡൻ്റ് അനസൂയ അധ്യക്ഷയായി. സെക്രട്ടറി ടി രാധാമണി സ്വാഗതം പറഞ്ഞു ഗീത നസീർ, ആർ പാർവതി ദേവി എന്നിവർ പങ്കെടുത്തു. വി ശിവൻകുട്ടി, വനിതാകമ്മീഷൻ അധ്യക്ഷ അഡ്വ.പി.സതി ദേവി , പ്ലാനിംഗ് ബോർഡ് അംഗം മിനി സുകുമാർ എന്നിവർക്ക് ഉപഹാരം നൽകി ദേവകി വാര്യർ സ്മാരക കേന്ദ്രം ആദരിച്ചു.

ഡോ ആർ ബി രാജലക്ഷ്മി രചിച്ച “രാമാനുജം: ലൂമിനിസിട്ടി ഓഫ് തീയേറ്റർ” എന്ന പുസ്തകം മിനി സുകുമാറിന് ആദ്യ പ്രതി നൽകി കൊണ്ട് ശിവൻകുട്ടി പ്രകാശനം ചെയ്തു. 2020 ൽ കോവിഡ് മൂലം മാറ്റി വെച്ച ദേവകി വാര്യർ സ്മാരക സാഹിത്യ പുരസ്‌കാരവിതരണവും നടന്നു. മേഘ രാധാകൃഷ്ണനാണ് അവാർഡ് ജേതാവ് . അഞ്ജലി, അനുശ്രീ എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകി. ദേവകി വാര്യരെ കുറിച്ചുള്ള കഥാപ്രസംഗം സ്നേഹലത അവതരിപ്പിച്ചു.