ജയിലിൽ ജനിച്ച്‌, ജുവനൈൽ ഹോമിൽ വളർന്ന അപ്പു ഇനി ബ്ളാസ്റ്റേഴ്‌സ് ടീമിൽ

0
62

ജുവനൈൽ ഹോമിലെ ഫുട്ബാൾ താരമായിരുന്ന അപ്പു എസ് ഇനി മുതൽ കേരള ബ്ളാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സി അണിയും. ബ്ലാസ്റ്റേഴ്‌സ് അണ്ടർ 19 ടീമിലേക്കാണ് അപ്പുവിനെ തിരഞ്ഞെടുത്തത്. കുട്ടിക്കാലം മുതലേ ഫുട്ബാൾ ഇഷ്ടമായിരുന്നു. ജുവനൈൽ ഹോം അധികൃതരാണ് അപ്പുവിന് വേണ്ട പ്രോത്സാഹനം നൽകിയത്. 12 വയസായപ്പോൾ തൃശൂരിലേക്ക് മാറി. സെന്റ് അലോഷ്യസ് എൽത്തുരുത്ത് സ്‌കൂളിലാണ് ഒമ്പതാം ക്ലാസ് വരെ പഠിച്ചത്. 2017 – 18 കാലഘട്ടത്തിൽ തൃശൂർ സബ് ജൂനിയർ ജില്ലാ ടീമിനായി അപ്പു ബൂട്ടണിഞ്ഞു. അപ്പു റൈറ്റ് വിംഗ് ബാക്ക് പൊസിഷനിലാണ് ബ്ളാസ്റ്റേഴ്സ് ടീമിൽ കളിക്കുക.

അപ്പുവിന്റെ ജീവിതകഥ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അപ്പു ജനിക്കുന്നത് തൃശൂർ വിയ്യൂർ ജയിലിലാണ്. വർഷങ്ങൾക്ക് മുമ്പ് നിറവയറുമായി ഒരു സ്ത്രീ വിയ്യൂർ ജയിലിനകത്താവുകയും ദിവസങ്ങൾക്ക് ശേഷം ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയുമായിരുന്നു. അപ്പു എന്ന് അവർ തന്നെ മകന് പേരിട്ടു. സഹതടവുകാരും ജയിൽ അധികൃതരും അഞ്ച് വയസുവരെ അവനെ വളർത്തി. അഞ്ച് വയസ് വരെ അമ്മയ്‌ക്കൊപ്പം ജയിലിൽ വളർന്നു. പിന്നീട് നിയമപ്രകാരം അപ്പുവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

കുറ്റങ്ങളൊന്നും ചെയ്യാതെ കാലങ്ങളോളം അപ്പു അവിടത്തെ അന്തേവാസിയായി. ഇടയ്ക്കൊക്കെ അപ്പുവിനെ കാണാൻ അമ്മ ജുവനൈൽ ഹോമിൽ എത്തുമായിരുന്നു. അതിനിടയിൽ ജയിലിൽ നിന്ന് ഇറങ്ങിയ അവന്റെ അമ്മ അവനെ കാണാൻ പോലും നിൽക്കാതെ എവിടേക്കോ പോയി. അധികാരികൾ പല തവണ അവരെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു തെറ്റും ചെയ്യാതെ ഭൂമിയിലേക്ക് വന്ന അവൻ ജനിച്ചത് ജയിലിലും വളർന്നത് ജ്യൂവനയിൽ ഹോമിലും. പരിമിതമായ സൗകര്യങ്ങളിൽ വളർന്ന അപ്പു ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്‌സിന്റെ അണ്ടർ 19 ടീമിൽ സെലക്ഷൻ നേടിയിരിക്കുകയാണ്.