മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ; 22 പേർ പിടിയിൽ

0
69

മുംബൈ അന്ധേരിയിലെ ഡാൻസ്‌ ബാറിൽ നടത്തിയ പരിശോധനയിൽ 17 യുവതികളെ പൊലീസ്‌ കണ്ടെത്തി. പരിശോധനയ്‌ക്കായി പൊലീസ്‌ എത്തുന്ന വിവരമറിഞ്ഞ്‌ ബാറിനകത്തെ മേക്കപ്പ്‌ റൂമുമായി ബന്ധിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള രഹസ്യ അറയിലാണ്‌ യുവതികളെ ബാർ അധികൃതർ ഒളിപ്പിച്ചിരുന്നത്‌.

അന്ധേരിയിലെ ദീപാ ബാറിൽ യുവതികളെ ഉപഭോക്താക്കൾക്ക്‌ മുന്നിൽ നൃത്തം ചെയ്യിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ബാർ ജീവനക്കാരെ ചോദ്യം ചെയ്‌തതിലും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. എന്നാൽ മേക്കപ്പ്‌ റൂമിൽ അസാധാരണമായ രീതിയിൽ ചുവരിൽ ഘടിപ്പിച്ച വലിയ കണ്ണാടി പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഗ്ലാസ്‌ എടുത്തുമാറ്റി പരിശോധന നടത്താൻ പൊലീസ്‌ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന്‌ കണ്ണാടി പെട്ടിച്ചു നടത്തിയ പരിശോധനയിലാണ്‌ ഗ്ലാസിന്‌ പിന്നിൽ രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്‌.

ഇവിടെ നടത്തിയ പരിശോധനയിലാണ്‌ യുവതികളെ പൊലീസ്‌ കണ്ടെത്തിയത്‌. രഹസ്യ അറയിൽ എസിയും കിടക്കയുമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നതായും പൊലീസ്‌ പറഞ്ഞു. സംഭവത്തിൽ ബാർ ജീവനക്കാർക്കാരെയും യുവതികളെയും പൊലീസ്‌ അറസ്റ്റുചെയ്‌തു.