തേവലക്കരയിൽ വീട് കുത്തിതുറന്ന് വൻകവർച്ച: 10 പവനും 30,000 രൂപയും കവർന്നു

0
58

കൊല്ലം തേവലക്കരയിൽ വീട് കുത്തിതുറന്ന് വൻ കവർച്ച. പത്ത് പവനും 30,000 രൂപയുമടക്കം ആറ് ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. കരുനാ​ഗപ്പള്ളി തേവലക്കര സദനത്തിൽ വീട്ടിൽ മറിയാമ്മയുടെ വീട്ടിലായിരുന്നു കവർച്ച. മറിയാമ്മയും മകൻ മാണി മാർക്കോസും മാത്രമാണ് വീട്ടിൽ താമസം. ശനിയാഴ്ച വൈകിട്ട് ഇരുവരും ബന്ധുവീട്ടിൽ പോയസമയത്താണ് കവർച്ച. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന കവർച്ചക്കാർ അലമാരയും മറ്റും തകർത്തു. ഇതിനകത്ത് സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് കൊണ്ടുപോയത്. കവർച്ചക്കുശേഷം പിൻഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്.

ബന്ധുവീട്ടിൽ നിന്നും മറിയാമ്മയും മാണി മാർക്കോസും തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്ന കണ്ടത്. തുടർന്ന് കയറി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്. വീട് പണിയുടെ ഭാഗമായി കൊടുക്കാൻ വെച്ച രൂപയാണ് കവർന്നതെന്നും മാണി പറഞ്ഞു.

സംഭവമറിഞ്ഞ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണം പുരോ​ഗമിക്കുന്നതായി പൊലീസ് അറിയിച്ചു.