ഉന്നത പൊലീസ് ഉദ്യോഗസ്ഥ യോഗം തുടങ്ങി, ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം വേണം: ഡിജിപി

0
82

സംസ്ഥാനത്തെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം പോലീസ് ആസ്ഥാനത്ത് ആരംഭിച്ചു. ഡിജിപി അനില്‍ കാന്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവിമാരും വിവിധ വിഭാഗങ്ങളിലെ എസ്പിമാരും ഡിഐജിമാരും ഐജിമാരും എഡിജിപിമാരും പങ്കെടുക്കുന്നു.

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ പകരാൻ ആവശ്യമായ നിർദേശങ്ങൾ നൽകാനാണ് യോഗമെന്ന് ഡിജിപി അനില്‍ കാന്ത് പറഞ്ഞു. പട്ടികജാതി – വര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങള്‍ തടയാനും അവരുടെ പരാതികളില്‍ എത്രയുംവേഗം നടപടി കൈക്കൊള്ളാനും പ്രത്യേകം ശ്രദ്ധിക്കണം. ഗാർഹിക പീഡന പരാതികളിൽ ഉടൻ അന്വേഷണം നടത്തണം. പോക്സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം.

കോടതി കേസുകളില്‍ ആവശ്യമായ രേഖകള്‍ സമർപ്പിക്കാനുള്ള നടപടി ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ സ്വീകരിക്കണം. വാഹനാപകടങ്ങള്‍ കുറയ്ക്കാൻ നടപടി കൈക്കൊള്ളണം. രാവിലെയും വൈകുന്നേരവും കൂടാതെ രാത്രിയും പട്രോളിംഗ് സജീവമാക്കണം. ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം നേരിട്ടുചേരുന്നത്.