‘ദീനികളായ മുസ്‌ലിങ്ങള്‍ നിങ്ങളുടെ മുഖത്ത് തുപ്പുന്ന കാലം വിദൂരമല്ല’: വി.കെ. സനോജ്

0
94

മുഹമ്മദ് റിയാസിനെതിരായ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെനെതിരെ മതവികാരം ഇളക്കി വിട്ട് നേട്ടം കൊയ്യാമെന്ന ധാരണയിലാണ് മുസ്‌ലിം ലീഗെന്ന് സനോജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളം ആര്‍ജ്ജിച്ചെടുത്ത എല്ലാത്തരം സാമൂഹിക മൂല്യങ്ങള്‍ക്കെതിരെയുമുള്ള വര്‍ഗീയ ഭ്രാന്തന്മാരുടെ സംസ്ഥാന സമ്മേളനമായി തീരുന്ന കാഴ്ചയ്ക്കാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചത്. അനേകമാനേകം ധനാത്മകമായ രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായ ഈ കോഴിക്കോട് കടപ്പുറത്തിന് സമീപഭാവിയില്‍ ഏറ്റവും നാണക്കേടായ ഒരു സമ്മേളനത്തിനാണ് ലീഗിന്റെ ഇടതുപക്ഷ വിരുദ്ധ വര്‍ഗീയ ഒത്തുചേരല്‍ കാരണമായത്,’ സനോജ് പറഞ്ഞു.

റിയാസിനെതിരെ ഏറ്റവും നീചവും നിന്ദ്യവുമായ വാക്കുകള്‍ ഉപയോഗിച്ചു പരിഹസിച്ച അബ്ദുറഹ്‌മാന്‍ കല്ലായിയെ ലീഗിന്റെ അണികളുടെ ബൗദ്ധിക നിലവാരത്തിനൊത്ത് വേദിയിലിരുന്നു കയ്യടിച്ചത് പാണക്കാട് കുടുംബത്തിലെ തലമുറ നേതാക്കളും, പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറും അടങ്ങുന്ന നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞു.മുസ്‌ലിം മതത്തില്‍ ജനിച്ച സഖാവ് റിയാസ് ഹിന്ദു മത ചുറ്റുപാടില്‍ ജനിച്ച വീണയെ വിവാഹം കഴിച്ചതാണ് ഇവരുടെ പ്രശ്‌നമെങ്കില്‍, ഇ. അഹമ്മദ് സാഹിബിന്റെ മകന്റെ വിവാഹത്തിലും ഇവര്‍ക്ക് ഈ നിലപാട് തന്നെയായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.

സ്വവര്‍ഗ വിവാഹ വിരുദ്ധവും, ഭിന്ന ലിംഗക്കാരെ അപമാനിക്കുന്നതുമടക്കം പ്രാകൃതവും മനുഷ്യത്വ വിരുദ്ധവുമായ കമന്റുകളാണ് ലീഗ് നേതാക്കള്‍ നടത്തിയത്. ആധുനിക കേരളം സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മാനവിക മൂല്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞുനിന്ന് കൊഞ്ഞനം കുത്തുകയാണ് ലീഗ്. എല്‍.ജി.ബി.ടി.ക്യു സമൂഹത്തോട് ലീഗ് നേതൃത്വം മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.