യു പി പിടിക്കാൻ “ശൗര്യ സഞ്ചലൻ” : അധികാരത്തിലേറാൻ തീവ്ര ഹിന്ദുത്വം അജണ്ടയാക്കി സംഘപരിവാര്‍

0
44

സ്വന്തം ലേഖകൻ

ബാബ്‌റി മസ്‌ജിദ്‌ തകർത്ത്‌ 29 വർഷം പിന്നിടുമ്പോൾ വീണ്ടും തീവ്ര ഹിന്ദുത്വ അജണ്ടക്ക് സംഘപരിവാർ സംഘടനകൾ രൂപം നൽകുന്നു എന്നത് ഏറെ ഗൗരവത്തോടെ രാജ്യം ചർച്ച ചെയ്യേണ്ടതാണ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ അജണ്ട കൊണ്ടുവരിക എന്ന ഗൂഢനീക്കം കഴിഞ്ഞദിവസം സംഘപരിവാർ ആരംഭിച്ചുകഴിഞ്ഞു. ബജ്‌രംഗ്ദളിനെ മുന്നിൽ നിർത്തിയാണ് ഇത്തവണ ഉത്തരേന്ത്യയിൽ സംഘപരിവാർ വർഗീയ അജണ്ടക്ക് കോപ്പ് കൂട്ടുന്നത്. ഇതിന്റെ ഭാഗമായാണ് രാമക്ഷേത്ര ചരിത്രത്തെക്കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കാൻ എന്ന പേരിൽ ബജ്‌റംഗ്ദൾ രാജ്യത്ത് 1000 സ്ഥലങ്ങളിൽ ‘ശക്തിമാർച്ച്’ സംഘടിപ്പിക്കുന്നത്.

ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ റൂട്ടുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 1,000 സ്ഥലങ്ങളിൽ ബജ്‌റംഗ് ദൾ ശൗര്യ സഞ്ചലന്റെ (‘ശക്തി മാർച്ചുകൾ’) ആരംഭിച്ചു. 1992-ൽ ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിനാണ് മാർച്ചുകൾ തുടങ്ങിയത്. അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ അറിയിക്കുക, ഹിന്ദുമതവും സംസ്‌കാരവും സംരക്ഷിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ആശയം. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതൃത്വമാണ് ഈ ആശയത്തിന് പിന്നിൽ.

ഹിന്ദുത്വ സംരക്ഷണത്തിനായി ശൗര്യ സഞ്ചലൻ പരിപാടികളിൽ യുവാക്കൾ പ്രതിജ്ഞയെടുക്കുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്. 13 നും 25 നും ഇടയിൽ പ്രായമുള്ളവരെയാണ് പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് എന്നതാണ് ഏറെ ഗൗരവതാരം. ചെറുപ്രായത്തിലേ തന്നെ വർഗീയ വിദ്വേഷം വളർത്തി യുവാക്കളെ ചേരിതിരിക്കുക എന്ന ഗൂഢലക്ഷ്യവും ഇതിനുപിന്നിലുണ്ട്. രാമക്ഷേത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ജനങ്ങളെ അറിയിക്കാനും യുവാക്കൾക്ക് അതിന്റെ അർത്ഥമെന്താണെന്നും മനസ്സിലാക്കിക്കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ബജ്‌റംഗ് ദൾ ദേശീയ കൺവീനർ സോഹൻ സിംഗ് സോളങ്കി പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ “ദ പ്രിന്റ്” ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സോഹൻ സിംഗ് സോളങ്കിയുടെ പ്രതികരണം ഇങ്ങനെ: “ഡിസംബർ 6 രാജ്യത്തിന് മുഴുവനും ബജ്‌റംഗ്ദളിനും വലിയ ദിവസമാണ്. അതുകൊണ്ടാണ് ഡിസംബർ 6 ശൗര്യ ദിവസായി ബജ്‌റംഗ്ദൾ ആഘോഷിക്കുന്നത്. മുൻകാലങ്ങളിൽ ഞങ്ങൾ പരിപാടികളും പരിപാടികളും സംഘടിപ്പിക്കുകയും ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇക്കുറി ശൗര്യ സഞ്ചലൻ മാർച്ചിലും ആയിരക്കണക്കിന് പേരെ അണിനിരത്തും. ശൗര്യ സഞ്ചലൻ സംഘടിപ്പിക്കുന്ന പ്രദേശങ്ങളെപ്പറ്റി അന്തിമധാരണയിൽ എത്തിക്കഴിഞ്ഞു. ഡൽഹിയിലെ ഏഴ് സ്ഥലങ്ങളും ഉത്തർപ്രദേശിലെ ഒരു ഡസനിലധികം സ്ഥലങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം മാർച്ചുകൾ നടത്തും”.

ഇതിൽ നിന്നും ഒന്ന് വ്യക്തമാണ്. 2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സംഘ്പരിവാറിനെയും പ്രത്യേകിച്ച് ബിജെപിയെയും സംബന്ധിച്ച് ഏറെ നിർണായകമാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വർഗീയ അജണ്ടക്ക് രുപം കൊടുക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കെ, ബിജെപി തങ്ങളുടെ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത് രാമക്ഷേത്ര നിർമ്മാണം തന്നെയാണ്. അയോധ്യയിൽ 2020 ആഗസ്‌ത്‌ അഞ്ചിന്‌ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ ക്ഷേത്രനിർമാണത്തിനുള്ള ഭൂമിപൂജ നടന്നതോടെ അടുത്തലക്ഷ്യം മഥുരയാണെന്ന്‌ സംഘപരിവാർ പ്രഖ്യാപിച്ചിരുന്നു. അടുത്തവർഷം ആദ്യം യുപി നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുമെന്നതിനാൽ മഥുര വിഷയം സജീവമായി ഉയർത്താനാണ്‌ സംഘപരിവാരത്തിന്റെ ശ്രമം. അതിന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ നീക്കവും.

ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അമ്പേ പരാജയപ്പെട്ട ബിജെപിയും അതിനു നേതൃത്വം നൽകുന്ന സംഘപരിവാറും മതസ്‌പർധ വളർത്തി വർഗീയവികാരം ആളിക്കത്തിച്ച്‌ മുതലെടുപ്പുനടത്താനാണ്‌ ശ്രമിക്കുന്നത്‌. അതിന്റെ തുടക്കമായിരുന്നു ഡിസംബർ ആറിന് തീവ്ര ഹിന്ദുത്വവാദികൾ ആഗ്രയിലും മഥുരയിലും നടത്തിയ പ്രകോപനകരമായ പ്രവർത്തനങ്ങൾ. ഇതിന്റെ തുടർച്ചയെന്നോണമാണ്  ബജ്‌രംഗ് ദൾ ശൗര്യ സഞ്ചലൻ പരിപാടിയുമായി രംഗത്തുവന്നിരിക്കുന്നത്.