‘ ഐതിഹാസിക വിജയം’; കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

0
46

കര്‍ഷക സമരം വിജയിപ്പിച്ച കര്‍ഷക സംഘടനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

‘കര്‍ഷകരും തൊഴിലാളികളും തോളോടു തോള്‍ ചേര്‍ന്ന് പൊരുതിയാല്‍ അതിനെ തടുത്തു നിര്‍ത്താന്‍ എത്ര വലിയ കോട്ടകൊത്തളങ്ങള്‍ക്കും അധികാര സന്നാഹങ്ങള്‍ക്കും കഴിയില്ല എന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിട്ട്, ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക സമരം ഐതിഹാസിക വിജയം നേടിയിരിക്കുന്നു’ എന്ന് കുറിപ്പിൽ പറയുന്നു.

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്കെത്താന്‍ എഴുനൂറിലധികം കര്‍ഷകരുടെ ജീവത്യാഗം വേണ്ടി വന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ഉറ്റവരുടെ വിയോഗങ്ങളില്‍ ഉള്ളുലയാതെ, സമരത്തെ ദുര്‍ബലപ്പെടുത്താന്‍ നടന്ന ശ്രമങ്ങള്‍ക്ക് കീഴ്‌പ്പെടാതെ, എല്ലാ എതിര്‍പ്പുകളേയും മറികടന്ന് വിജയത്തിലെത്താന്‍ കര്‍ഷകര്‍ക്ക് സാധിച്ചു.

അസാമാന്യമായ നിശ്‌ചയ ദാര്‍ഢ്യവും പോരാട്ട വീറുമാണ് കര്‍ഷകരും അവര്‍ക്ക് നേതൃത്വം നല്‍കിയ സംയുക്‌ത കിസാന്‍ മോര്‍ച്ചയും കാഴ്‌ചവെച്ചത്. ഇത് കര്‍ഷകരുടെ മാത്രം വിജയമായി ചുരുക്കിക്കാണേണ്ട ഒന്നല്ല. കേന്ദ്ര സര്‍ക്കാരിന്റേയും സംഘപരിവാറിന്റേയും മുതലാളിത്ത വിടുപണിയ്‌ക്കും വര്‍ഗീയ രാഷ്‌ട്രീയത്തിനും എതിരായ ജനവികാരത്തിന്റെ വിജയമാണ്’- എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.