ലീഗ് വരുമാന (വഖഫ്) സംരക്ഷണ റാലിയിലെ അധിക്ഷേപവും അസഭ്യം പറച്ചിലും

0
55

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആർഎസ്എസും കോൺഗ്രസും തുടങ്ങിവെച്ച വംശീയാധിക്ഷേപം ഏറ്റെടുത്ത് മുസ്ലിംലീഗും. നാക്കിനു ലൈസൻസ് ഇല്ലെന്നുകരുതി സെമികേഡർ നേതാവ് കെ സുധാകരനും കെ സുരേന്ദ്രനും സന്ദീപ് വാര്യരുമൊക്കെ തുടങ്ങിവെച്ച അതേ അധിക്ഷേപ പ്രചാരണമാണ് ഇപ്പോൾ മുസ്ലിംലീഗും പിന്തുടരുന്നത്. മതരാഷ്ട്രവാദികളും കടുത്ത സിപിഐ എം വിരുദ്ധരായ മൗദൂദി കൂട്ടങ്ങളും ഇതിന് ചൂട്ട് പിടിക്കുന്നു. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടും സാംസ്‌കാരിക സമ്പന്നർ എന്ന് സ്വയം അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമി ഒരു വാക്ക് പോലും ഇതുവരെ മറുത്ത് പറഞ്ഞിട്ടില്ല.

വഖഫ് സംരക്ഷണമെന്ന പേരിൽ മുസ്ലിംലീഗ് നടത്തിയ വരുമാന സംരക്ഷണ റാലിയിലൂടെ തെളിയുന്നത് കോൺഗ്രസ്, ലീഗ്, സംഘപരിവാർ, മൗദൂദി സഖ്യം തന്നെയാണ്.
രാഷ്ട്രീയം നഷ്ടപ്പെട്ട, ദിശാബോധമില്ലാത്ത ആൾക്കൂട്ടമായി കേരളത്തിലെ കോൺഗ്രസും ലീഗും ബിജെപിയും അധഃപതിച്ചുകഴിഞ്ഞു. ഇത്തവണ അധികാരം കിട്ടാത്തതിന്റെ കൊതിക്കെറുവും ഈ ശക്തികൾക്ക് ആവോളമുണ്ടുതാനും. നിലവിലുള്ള ഒരു സെറ്റ് പോയി സംപൂജ്യരായതിന്റെ ഇളിഭ്യത ബിജെപിക്കും ഉണ്ട്. ഈ ഘടകങ്ങൾ തന്നെയാണ് ഈ മൂന്നുപേരെയും ഒക്കെചെങ്ങായിമാറാക്കുന്നതും. അതിന് രഹസ്യമായി പിന്തുണ നൽകുകയാണ് മൗദൂദികളും. പറയുമ്പോൾ വലിയ പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്നൊക്കെ പറഞ്ഞ് ബുദ്ധിജീവി ലേബലിൽ മൗദൂദികൾ കൊണ്ടുപിടിച്ച വർഗീയ ധ്രുവീകരണ നീക്കം നടത്തുന്നുമുണ്ട്. ഇവരുടെയൊക്കെ ഒറ്റലക്‌ഷ്യം സിപിഐ എം തന്നെയാണ്. അത് വളരെ
വ്യക്തമായി തെളിയിക്കുന്നതായി ഇന്നലെ കോഴിക്കോട്ട് ലീഗ് സംഘടിപ്പിച്ച റാലിയും യോഗവും.

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കാൻ തുടക്കമിട്ടത് സംഘ്പരിവാറാണ്. അവരുടെ മുഖപത്രത്തിലൂടെ അവരിത് തെളിയിക്കുകയും ചെയ്തു. കടുത്ത പ്രതിഷേധം കേരളീയ സമൂഹത്തിൽ ഉയർന്നുവന്നിട്ടും തിരുത്താൻ ബിജെപിയെ സംഘ്പരിവാറോ തയ്യാറായതുമില്ല. ഇതിനുതൊട്ടുപിന്നാലെയാണ് കോൺഗ്രസും ഇതേ രീതിയിലുള്ള അധിക്ഷേപവുമായി രംഗത്തുവന്നത്. ബലരാമന്മാരും സെമി കേഡർ ആസ്ഥാന സ്ഥാപകൻ കെ സുധാകരനും ഇത് ഏറ്റെടുക്കയും ചെയ്തു.

ഒറ്റക്കും തെറ്റക്കും ഇരുന്ന് മുസ്ലിംലീഗ് ഇതിന് കുട പിടിക്കുകയും ചെയ്തു. അതിന്റെ പരസ്യമായ പ്രതിഫലനമായി കോഴിക്കോട്ടെ ലീഗിന്റെ വരുമാന സംരക്ഷണ റാലി. ശബരിമല കലാപ കാലത്ത് സംഘികള്‍ക്ക് നാരങ്ങാ വെള്ളം കലക്കി കൊടുത്ത ലീഗിന് അവരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാകണം ഈ അധിക്ഷേപവും മുദ്രാവാക്യവും. പ്രകൃതിയും പരിസ്ഥിതിയും സംസ്കാരവും ഒക്കെ പോക്കറ്റിൽ ഇട്ടുകൊണ്ട് നടക്കുന്ന മൗദൂദി കൂട്ടങ്ങൾ പക്ഷെ ഈ സമയങ്ങളിൽ ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല, ഈ വിഷയത്തിൽ അവർ ബോധപൂർവം മൗനം പാലിക്കുകയും ചെയ്തു. ലീഗിന്റെ സാംസ്‌കാരിക സമ്പന്നത കണ്ട് “ബിസ്മയിച്ച്” നീക്കുകയാണ് പല ബന്നമാരും.

ലീഗിനെ പ്രകോപിപ്പിക്കുന്നതെന്ത്..?

മുസ്ലിംലീഗിന്റെ കോട്ടകൊത്തളം എന്നൊക്കെ പറഞ്ഞിരുന്ന പ്രദേശങ്ങളിൽ പോകെപ്പോകെ സിപിഐ എം ശക്തിയാർജിക്കുകയാണ്. ചെങ്കൊടി പാറിപ്പറക്കുകയാണ്. ഭരണം കിട്ടുമെന്ന വിശ്വാസത്തിൽ മോദിയുമായുള്ള യുദ്ധം പാതിവഴിയിൽ നിർത്തി കുഞ്ഞാപ്പ പാഞ്ഞുവന്നതിനും അതിനായിരുന്നു. എന്നാൽ, ബോധമുള്ള മതവിശ്വാസികൾ ലീഗിനെ മൂലയ്ക്കിരുത്തി. മുസ്ലിം ന്യൂനപക്ഷ മേഖലകളിലടക്കം ഇടതുമുന്നണി സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. പിരിക്കാനും കക്കാനും മുക്കാനും ഒന്നും കിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ സംഘപരിവാർ മാതൃകയിൽ കേരളത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ നോക്കുകയാണ്. സമുദായത്തിലെ വലിയ വിഭാഗം എതിരെ വന്നതോടെ മതത്തിന്റെ പേര് പറഞ്ഞ് എങ്ങനെയെങ്കിലും പിടിച്ചുകയറാൻ കഴിയുമോ എന്ന ശ്രമത്തിലാണ് ഇക്കൂട്ടർ.

സ്വാധീനകേന്ദ്രങ്ങളിൽ ചെന്ന് ലീഗിന്റെ അടിവേര് വരെ സിപിഐ എം മാന്തിയെടുത്തപ്പോൾ പരിഭ്രാന്തിയിലായത് കുഞ്ഞാലിക്കുട്ടി- മജീദ്- ഷാജി- എം കെ മുനീർ എന്നിവരടക്കമുള്ളവരാണ്. പി ശ്രീരാമകൃഷ്ണൻ, പി വി അൻവർ, കെ ടി ജലീൽ, പി എ മുഹമ്മദ് റിയാസ് തുടങ്ങി ലീഗിന് തലവേദനയായി മാറിയ സിപിഐ എം നേതാക്കൾക്കും പാർട്ടിക്കുമൊപ്പം ജനങ്ങൾ അണിനിരന്നതോടെ ഇവർക്കെതിരെയും അധിക്ഷേപ പ്രചാരണം തുടങ്ങി. ഇല്ലാത്ത വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചു. ഇതൊന്നും ഫലം കാണാതെ വന്നപ്പോഴാണ് കുഴപ്പമുണ്ടാക്കാനുള്ള ശ്രമം. അവസാന മൺതരിയും കാൽച്ചുവട്ടിൽ നിന്നും ഒലിച്ചുപോകുന്നു എന്ന് തിരിച്ചറിഞ്ഞതോടെ മതം കൊണ്ടു വിരട്ടുകയെന്ന അവസാന ആയുധം ലീഗ് പുറത്തെടുക്കുന്നു.

പറഞ്ഞു ജയിക്കാൻ പറ്റിയില്ലെങ്കിൽ തൂറി തോൽപ്പിക്കുക എന്ന സ്ഥിതിയിലാണിപ്പോൾ ലീഗ്.
മതത്തിന്റെ പേര് പറഞ്ഞ് പാവപ്പെട്ടവന്റെ വരെ പോക്കറ്റിൽ കയ്യിട്ട് വാരി മുക്കി നക്കിയ എം സി ഖമറുദീനും കെ എം ഷാജി എന്ന ഇഞ്ചി ഷാജിയും സിമന്റും കമ്പിയുമില്ലാതെ പാലം പണിത ഇബ്രാഹിംകുഞ്ഞും കത്വ ഇരയുടെ പേരിൽ പണം പിരിച്ച് മുക്കിയ ഫിറോസും ഒക്കെയായിരുന്നു ഇന്നലെ സമുദായ സംരക്ഷണത്തിന്റെ പേരും പറഞ്ഞ് അശ്ളീല-ആഭാസ യോഗം നടത്തിയത്. അതിലൊന്നും ആർക്കും ഒരു അസാംഗത്യവും തോന്നിയില്ല. ഒരു ആസാദുമാർക്കും മിണ്ടാട്ടവുമില്ല.

കുത്തിത്തിരിപ്പുമായി മൗദൂദികൾ

സിപിഐ എമ്മിന്റെ ജമാഅത്തെ ഇസ്‌ലാമി വിമർശനം ഇസ്‌ലാം വിമർശനമാക്കി മാറ്റാൻ ശ്രമിക്കുന്ന മൗദൂദികൾ പിണറായി സർക്കാരിനെതിരെ മുസ്ലിം വിരുദ്ധത ആരോപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിനായി ചില ബന്നമാർ വൈസ് ചാൻസലർമാരായുള്ള “വാട്സാപ്പ് യൂണിവേഴ്സിറ്റികൾ” ബോധപൂർവം കെട്ടുകഥകൾ ഉണ്ടാക്കി അറഞ്ചം പൊറഞ്ചം പ്രചരിപ്പിക്കും. മുസ്ലിംലീഗിനെ വിമർശിച്ചാൽ അത് മുസ്ലിം വിമര്ശനമാക്കി മാറ്റുന്ന ലീഗിന്റെ അതേ ഇടപാടാണ് മൗദൂദികളും പയറ്റുന്നത്. കള്ളവാർത്ത ഉണ്ടാക്കാനും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ നാണമില്ലാതെ പ്രചരിപ്പിക്കാനും മൗദൂദികളെ കഴിഞ്ഞേ ഭൂമി മലയാളത്തിൽ വേറെ ആരുമുള്ളൂ.

കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കേരളത്തിൽ എൽഡിഎഫ് ഭരണം അവസാനിപ്പിക്കുമെന്ന് ഹിറാ സെൻററിൽ ഇരുന്ന് സ്വപ്നം കണ്ടതായിരുന്നു മൗദൂദി സംഘം. എന്നാൽ, സംഗതികൾ കലങ്ങാതെ വന്നപ്പോൾ കൂലി എഴുത്തുകാരെയടക്കം ഉപയോഗിച്ച് പിണറായി സർക്കാരിനെതിരെ മുസ്ലിം വിരുദ്ധ പ്രചാരണം നടത്താൻ തുടങ്ങി. വഖഫ് ബോർഡ് കയ്യിൽനിന്നും പോകുമ്പോൾ ലീഗിനുണ്ടാകുന്ന വേവലാതി തിരിച്ചറിഞ്ഞ മൗദൂദിയൻ സംഘം ലീഗിനെ ഉപയോഗിച്ച് കുത്തിത്തിരിപ്പുണ്ടാക്കുകയാണ് ഇപ്പോൾ. കിട്ടിയ അവസരം മുതലെടുത്ത് ലീഗിനെ കൊണ്ട് പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിനും, വർഗീയ വിദ്വേഷ പ്രചാരണത്തിനും ഉപയോഗിക്കാൻ ഉള്ള ബുദ്ധികേന്ദ്രവും ഇതേ കൂട്ടരുടേത് തന്നെ.
തങ്ങളുടെ സ്ഥാപനങ്ങളൊന്നും വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത മൗദൂദികൾ സമരത്തിന് ഇറങ്ങുന്നതിനും ലീഗിന് പിന്തുണ നൽകുന്നതിനും പിന്നിൽ കുത്തിത്തിരിപ്പല്ലാതെ മറ്റൊന്നുമില്ല.

നേരത്തെ സൂചിപ്പിച്ച അവിശുദ്ധ സഖ്യമാണ് ഇപ്പോൾ കേരളത്തിൽ ബോധപൂർവം കുഴപ്പങ്ങൾക്ക് വഴിമരുന്നിടുന്നത്. എന്തായാലും കേരളീയ പൊതുസമൂഹം ഈ സഖ്യത്തെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് മതേതര കേരളം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും തെളിയിച്ചത്.

വാൽക്കഷ്ണം
കോഴിക്കോട്ടെ ലീഗിന്റെ വരുമാന സംരക്ഷണ റാലിയെപ്പറ്റി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിങ്ങനെ. “പള്ളിയിൽ കുഴപ്പമുണ്ടാക്കുമെന്ന് പറഞ്ഞ വർഗീയ പാർട്ടിയെ വിശ്വാസികൾ കടപ്പുറം വരെ ഓടിച്ചു. അവരവിടെ മൈക്ക് കെട്ടി സ്വന്തം സംസ്കാരം വിളിച്ചോതുന്ന തെറിയോട് തെറി. ബിസ്മയം തന്നെ!”.